കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ഓസ്ട്രിയയില്‍ ഭരണഘടനാ ഭേദഗതി
Saturday, September 26, 2015 9:32 AM IST
വിയന്ന: കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ ഓസ്ട്രിയ ഭരണഘടനാ ഭേദഗതി നടപ്പാക്കി. ഇതുപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവിടങ്ങളിലെ ജനസഖ്യയുടെ ഒന്നര ശതമാനം വരെ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ കഴിയും.

തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണു സര്‍ക്കാര്‍ ഭേദഗതി നടപ്പാക്കിയത്. ട്രൈസ്കിര്‍ച്ചനിലെ പ്രധാന അഭയാര്‍ഥി ക്യാമ്പ് നിറഞ്ഞു കവിഞ്ഞ അവസ്ഥയിലാണിപ്പോള്‍. ഇവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പുനരധിവസിപ്പിക്കാനാണ് ഓസ്ട്രിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഇതിനെ ഏറ്റവും ശക്തമായി എതിര്‍ക്കുന്നത് ഫ്രീഡം പാര്‍ട്ടിയാണ്. ഇപ്പോള്‍ മുപ്പതു ശതമാനം വോട്ടു വിഹിതമുള്ള ഇവരുടെ നിലപാടിനു ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിച്ചുവരുന്നതായി സര്‍വേകളില്‍ വ്യക്തമായിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍