അഭയാര്‍ഥി പുനരധിവാസം: യൂറോപ്പ് ഇത്രയും ചെയ്താല്‍ പോരെന്നു മെര്‍ക്കല്‍
Friday, September 25, 2015 8:10 AM IST
ബര്‍ലിന്‍: അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സ്വീകരിച്ച നടപടികള്‍ അപര്യാപ്തമെന്നു ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. 1,20,000 അഭയാര്‍ഥികളെ ക്വോട്ട സമ്പ്രദായത്തില്‍ സ്വീകരിക്കാന്‍ മാത്രമാണു ധാരണയായിരിക്കുന്നത്. എന്നാല്‍, ഇതു വളരെ ചുരുങ്ങിയ എണ്ണം മാത്രമാണെന്നു മെര്‍ക്കല്‍ അഭിപ്രായപ്പെട്ടു. ആദ്യ ചുവട് മാത്രമാണ് ഇക്കാര്യത്തില്‍ യൂറോപ്പ് എടുത്തുവച്ചിരിക്കുന്നത്. ഇനിയും ഏറെ ചെയ്യാനിരിക്കുന്നു- മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, അഭയാര്‍ഥി ക്വോട്ട അംഗീകരിക്കില്ലെന്ന നിലപാടില്‍ ഹംഗറിയും ചെക്ക് റിപ്പബ്ളിക്കും റൊമാനിയയും സ്ളോവാക്യയും ഉറച്ചു നില്‍ക്കുകയാണ്. ജര്‍മനിയുടെ നേതൃത്വത്തിലുള്ള പ്രബല വിഭാഗമാകട്ടെ, പുനരധിവസിപ്പിക്കപ്പെടുന്നവരുടെ എണ്ണം 1,60,000 ആക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍