ചരിത്രമെഴുതി റോബര്‍ട്ട് ലെവന്‍ഡോവ്സ്കി; ഒമ്പതു മിനിറ്റിനിടെ അഞ്ചു ഗോളുകള്‍
Wednesday, September 23, 2015 6:36 AM IST
മ്യൂണിക്ക്: കാല്‍പന്തുകളിയില്‍ എന്തും സംഭവിക്കാമെന്ന പ്രവചനങ്ങള്‍ക്കു വീര്യംപകര്‍ന്നുകൊണ്ട് പോളണ്ടുകാരനായ ബയേണ്‍ മ്യൂണിക്ക് സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി പുതിയ ചരിത്രം കുറിച്ചു. ചൊവ്വാഴ്ച നടന്ന ജര്‍മന്‍ ബുണ്ടസ്ലിഗയില്‍ ഒമ്പതു മിനിറ്റിനിടെ അഞ്ചു ഗോളുകള്‍ നേടിയാണു ലെവന്‍ഡോവ്സ്കി വീരനായകനായത്.

മ്യൂണിക്കിലെ അല്ലിയാന്‍ അരീനയില്‍ ബയേണ്‍ മ്യൂണിക്കും വോള്‍ഫ്സ്ബുര്‍ഗും തമ്മിലുള്ള മല്‍സരത്തിലായിരുന്നു ലെവന്‍ഡോവ്സ്കിയുടെ ചരിത്രം കുറിച്ച ബുണ്ടസ്ലിഗയിലെ പ്രകടനം. മല്‍സരത്തില്‍ ബയേണ്‍ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് വോള്‍ഫ്സ്ബുര്‍ഗിന്റെ കഥകഴിച്ചു.

ആദ്യമുന്നേറ്റത്തിലൂടെ വോള്‍ഫ്സ്ബുര്‍ഗ് ബയേണിനെ ഒരുഗോളിനു വിറപ്പിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ ലെവന്‍ഡോവ്സ്കിയുടെ മാജിക്കില്‍ വോള്‍ഫ്സ്ബുര്‍ഗ് നിലംപരിശായി.

വോള്‍ഫ്സ്ബര്‍ഗിനു ബയണ്‍ മ്യൂണിക്ക് ഒരു ഗോള്‍ വഴങ്ങി നില്‍ക്കുന്ന സമയത്താണ് പകരക്കാരനായി ലെവന്‍ഡോവ്സ്കി ഇറങ്ങിയത്. കളത്തിലിറങ്ങിയ ആറാം മിനിറ്റില്‍ത്തന്നെ ആദ്യഗോള്‍ നേടിയ ലെവന്‍ഡോസ്കി അടുത്ത മൂന്നു മിനിറ്റില്‍ രണ്ടു ഗോളുകളും കൂടി നേടി ബുണ്ടസ്ലിഗയിലെ വേഗമേറിയ ഹാട്രിക്കുകാരന്‍ എന്ന റിക്കാര്‍ഡ് ബഹുമതിയും സ്വന്തമാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍