അഭയാര്‍ഥികളെ തീവ്രവാദികളാക്കുമോയെന്നു ജര്‍മനി ഭയക്കുന്നു
Wednesday, September 23, 2015 6:34 AM IST
ബര്‍ലിന്‍: ജര്‍മനിയിലും യൂറോപ്യന്‍ രാജ്യങ്ങളിലും എത്തിയിരിക്കുന്ന അഭയാര്‍ഥികളെ ഐഎസ് പണം കൊടുത്ത് തീവ്രവാദികളാക്കുമോ എന്നു ജര്‍മനി ഭയക്കുന്നു. സിറിയയില്‍നിന്നും ഇറാക്കില്‍നിന്നും വന്ന അഭയാര്‍ഥികള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു വലിയ വെല്ലുവിളിയാണു സൃഷ്ടിക്കുന്നത്. അതിനിടയിലാണ് അഭയാര്‍ഥികള്‍ക്കൊപ്പം തീവ്രവാദികളും നുഴഞ്ഞു കയറിയിട്ടുണ്െടന്ന വാര്‍ത്ത പുറത്തു വരുന്നത്.

എന്നാല്‍, അതിലും വലിയ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ജര്‍മനിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ തീവ്രവാദികളല്ലാത്തവരെ പോലും തീവ്രവാദികളാക്കി മാറ്റാനുള്ള ശ്രമം ഐഎസ് അഭയാര്‍ഥികള്‍ക്കിടയില്‍ നടത്തുന്നു എന്നതാണു ഞെട്ടിക്കുന്ന വാര്‍ത്ത. യുവാക്കളായ അഭയാര്‍ഥികളെ ഐഎസ് റിക്രൂട്ട് ചെയ്യാന്‍ സാധ്യതയും ശ്രമവും നടക്കുന്നതായി ജര്‍മനിയുടെ ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സി മേധാവി മുന്നറിയിപ്പു നല്‍കുന്നു. പല അഭയാര്‍ഥികളും ഇപ്പോഴത്തെ ക്യാമ്പുകളിലെ ദുരിതജീവിതം ഇഷ്ടപ്പെടുന്നില്ല. ഐഎസ് ചെറുപ്പക്കാരായ അഭയാര്‍ഥികളെ തങ്ങളുടെ സംഘടനയിലേക്കു റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. മതം പറയാതെ മതവികാരം കുത്തിവച്ച് ആളുകളെ സംഘടനയില്‍ ചേര്‍ക്കുന്നതിനുപകരം കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ജര്‍മനിയില്‍ ഇവര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. കൂട്ടത്തില്‍ പണസഹായവും നല്‍കും.

ജര്‍മനിയില്‍നിന്ന് ഇതുവരെ 750ഓളം പേര്‍ ആയുധ പരിശീലനത്തിനും യുദ്ധം ചെയ്യാനുമായി സിറിയയിലേക്കും ഇറാക്കിലേക്കും പോയിട്ടുണ്ട്. അവരില്‍ വലിയൊരു വിഭാഗം ഇപ്പോള്‍ അഭയാര്‍ഥികളുടെ കൂട്ടത്തില്‍ തിരിച്ചെത്തിയിട്ടുണ്െടന്ന് ഇന്റലിജന്‍സ് പറയുന്നു. ഐഎസില്‍ ചേരാനായി ജര്‍മനിയില്‍നിന്ന് സിറിയയിലേക്കു പോയവരില്‍ 120 പേര്‍ കൊല്ലപ്പെട്ടിട്ടുണ്െടന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം ജര്‍മനിയിലെ ഒരു മുസ്ലിം പള്ളിയില്‍ നടത്തിയ റെയ്ഡില്‍ ഐഎസ് അനുകൂലികളായ ചിലരെ രഹസ്യാന്വേഷണ വിഭാഗം അറസ്റു ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍