മുഴുവന്‍ അഭയാര്‍ഥികളെയും സ്വീകരിക്കാന്‍ യൂറോപ്പിനാവില്ല: ജര്‍മന്‍ ആഭ്യന്തരമന്ത്രി
Tuesday, September 22, 2015 8:06 AM IST
ബര്‍ലിന്‍: വിവിധ രാജ്യങ്ങളില്‍നിന്നു വരുന്ന അഭയാര്‍ഥികളെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ യൂറോപ്പിനു സാധിക്കില്ലെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യര്‍. അഭയാര്‍ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും പരിധി കടന്നാല്‍ സ്വന്തം രാജ്യങ്ങളിലേക്ക് അവരെ തിരിച്ചയയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഘര്‍ഷങ്ങളും ദാരിദ്യ്രവും ഒക്കെ ഭയന്ന് യൂറോപ്പിലേക്കോ ജര്‍മനിയിലേക്കോ വരുന്ന അഭയാര്‍ഥികളെ മുഴുവന്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും ജര്‍മന്‍ വാരികയായ ഡെര്‍ സ്പീഗലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

അഭയാര്‍ഥി പ്രശ്നത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ താരതമ്യേന ഉദാര നിലപാട് സ്വീകരിക്കുമ്പോള്‍ മെര്‍ക്കലിന്റെ സഹോദരപാര്‍ട്ടിയായ സിഎസ്യുക്കാരനായ മെയ്സ്യര്‍ കര്‍ക്കശ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.

ഹംഗറി വീണ്ടും അതിര്‍ത്തി തുറന്നു



അഭയാര്‍ഥി പ്രവാഹം തടയാന്‍ അടച്ചിട്ട അതിര്‍ത്തി ഹംഗറി വീണ്ടും തുറന്നു. സെര്‍ബിയയുമായുള്ള അതിര്‍ത്തി അഞ്ചു ദിവസമാണ് ഹംഗേറിയന്‍ അധികൃതര്‍ അടച്ചിട്ടത്.

കഴിഞ്ഞ വാരാന്ത്യത്തില്‍ ഇരുപതിനായിരം അഭയാര്‍ഥികള്‍ കൂടി ഓസ്ട്രിയയിലെത്തിയിട്ടുണ്ട്. ഹംഗറി അതിര്‍ത്തി അടച്ചെങ്കിലും പലരും അവിടെ തന്നെ കാക്കുകയായിരുന്നു.

ഹംഗേറിയന്‍ ആഭ്യന്തര മന്ത്രിയും സെര്‍ബിയന്‍ ആഭ്യന്തര മന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് അതിര്‍ത്തി വീണ്ടും തുറക്കാന്‍ തീരുമാനിച്ചത്. 110 മൈല്‍ വരുന്ന അതിര്‍ത്തിയിലെ കമ്പിവേലി കടക്കുക എളുപ്പമായിരുന്നില്ല. ഒരാഴ്ചയ്ക്കിടെ അമ്പതിനായിരം പേര്‍ അതിര്‍ത്തി കടന്നതോടെയാണ് ഇവിടം അടയ്ക്കാന്‍ ഹംഗറി തീരുമാനിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍