മലിനീകരണം മറച്ചുവച്ചു; ഫോക്സ് വാഗന്‍ അഞ്ചു ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുന്നു
Monday, September 21, 2015 7:26 AM IST
ബര്‍ലിന്‍: യഥാര്‍ഥ മലിനീകരണ നിരക്ക് മറച്ചുവച്ച് വിറ്റഴിച്ച അഞ്ചു ലക്ഷം കാറുകള്‍ അമേരിക്കയില്‍നിന്നു തിരിച്ചുവിളിക്കാന്‍ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ്വാഗനോട് യുഎസ് അധികൃതര്‍ ആവശ്യപ്പെട്ടു.

കാറൊന്നിന് 37,500 ഡോളര്‍ കണക്കാക്കി 18 മില്ല്യാര്‍ഡ് ഡോളര്‍ പിഴയടയ്ക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

നിര്‍ദിഷ്ട നിരക്കിന്റെ നാല്‍പ്പതു മടങ്ങു വരെ അധികം കാര്‍ബണ്‍ പുറന്തള്ളിയാലും ലാബ് ടെസ്റില്‍ കണ്ടെത്താതിരിക്കാനുള്ള ഡിഫീറ്റ് ഡിവൈസ് സ്ഥാപിച്ചാണ് ഈ കാറുകള്‍ വിറ്റിരിക്കുന്നതെന്നു വ്യക്തമായി.

വായു മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ വാഹനങ്ങളുടെ കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കാന്‍ ശക്തമായ നടപടികളാണു യുഎസ് ക്ളീന്‍ എയര്‍ ആക്ടിലൂടെ സ്വീകരിച്ചുവരുന്നത്.

2009 മുതല്‍ 2014 വരെ പുറത്തിറക്കിയ ജെറ്റ, ബീറ്റില്‍, ഓഡി എ3, ഗോള്‍ഫ് മോഡലുകളും 2014-15ല്‍ ഇറക്കിയ പസാറ്റ് മോഡലുമാണു തിരിച്ചു വിളിക്കേണ്ടത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍