ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ മെസെയില്‍ ഇന്ത്യ ഡേ ആഘോഷിച്ചു
Saturday, September 19, 2015 5:04 AM IST
ഫ്രാങ്ക്ഫര്‍ട്ട്: അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ (ഐഎഎ) പ്രദര്‍ശനത്തോടൊപ്പം നടത്തിയ പത്താമത് ഇന്ത്യ ഡേ വിജയകരമായി നടന്നു. ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര കോണ്‍ഗ്രസ് സെന്ററിലെ ഇലുസ്യോണ്‍ ഹാളില്‍ നടന്ന ഇന്ത്യാ ഡേയില്‍ ഇന്‍ഡോ-ജര്‍മന്‍ ചെയ്ബര്‍ ഓഫ് കൊമേഴ്സ ്ചീഫ് എക്സിക്യൂട്ടിവ് ബേണ്‍ഹാര്‍ഡ് സ്റ്റൈന്‍ബ്രൂക്ക് വിശിഷ്ടാതിഥികളെയും, പങ്കെടുത്തവരെയും സ്വാഗതംചെയ്തു.

ജര്‍മന്‍ ഓട്ടേമൊബൈല്‍ ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് ഡോ. മത്തിയാസ് വിസ്മാന്‍, ഇന്ത്യന്‍ ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ളിക് എന്റെര്‍പ്രൈസസ് മന്ത്രി ആനന്ദ് ഗീതെ, ഇന്ത്യയിലെ ജര്‍മന്‍ അംബാസിഡര്‍ ഡോ. മാര്‍ട്ടിന്‍ നേ, ജര്‍മനിയിലെ ഇന്ത്യന്‍ അംബാസിഡര്‍ വിജയ് ഗോഖലെ, ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ , ഇന്ത്യന്‍ ഓട്ടേമൊബൈല്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് വിനോദ് കുമാര്‍ ദേശായി, ബോഷ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഡോ. സ്റ്റെഫാന്‍ ബേണ്‍സ്, ഓട്ടാമോട്ടീവ് കമ്പോണന്റ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അരവിന്ദ് ബാലാജി, ഇന്ത്യന്‍ ഹെവി ഇന്‍ഡസ്ട്രീസ് ആന്‍ഡ് പബ്ളിക് എന്റെര്‍പ്രൈസസ് വകുപ്പ് അഡീഷണല്‍ സെക്രട്ടറി അംബുജ് ശര്‍മ, ജര്‍മന്‍ ഫെഡറല്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. ഫെയിറ്റ് സ്റ്റൈന്‍, ഇന്ത്യന്‍ എംബസി ബെര്‍ലിന്‍ എക്കണോമിക് ആന്‍ഡ് കൊമേഴ്സ് ഫസ്റ്റ് സെക്രട്ടറി ഡോ. ഗംഗാധര്‍ എന്നിവര്‍ ഇന്ത്യ ഡേ യില്‍ പങ്കെടുത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രി മേഖലയില്‍ പ്രധാനമന്ത്രി മോഡിയുടെ കൂടുതല്‍ സ്വതന്ത്രവും, വളരെ എളുപ്പവുമായ 'മേക്ക് ഇന്‍ ഇന്ത്യ' നിലപാടുകള്‍ വിവരിച്ച് കൂടുതല്‍ ബിസിനസ് തുടങ്ങാന്‍ ജര്‍മന്‍ ഓട്ടാമൊബൈല്‍ ഇന്‍ഡസ്ട്രിയെ ഇന്ത്യയിലേക്കു ക്ഷണിച്ചു.

ഓട്ടോമൊബൈല്‍ ഉത്പാദനരംഗത്ത് ആറാം സ്ഥാനത്തു നിലകൊള്ളുന്ന ഇന്ത്യയിലെ മാര്‍ക്കറ്റ് വളരെയേറെ വികസന സാധ്യതയുള്ളതാണെന്നും, ദിവസേന വാഹനങ്ങളുടെ വില്പന കുതിച്ചു കയറുകയാണെന്നും കണക്കുകള്‍ നിരത്തി ഇന്ത്യന്‍ പ്രതിനിധികള്‍ വിവരിച്ചു. കുറെ കാലമായി ഇന്ത്യയില്‍ നില നിന്നിരുന്ന ഇറക്കുമതി നിയന്ത്രണങ്ങളും, നിക്ഷേപ വ്യവസ്ഥകളും വളരെ ഔദാര്യമാക്കിയിട്ടുണ്െടന്നും, അതുകൊണ്ട് ഈ ഓട്ടോമൊബൈല്‍ രംഗത്ത് ഇന്ത്യയിലേക്കു കടന്നു വരാനും തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനും ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രി ആനന്ദ് ഗീതെ, ജര്‍മന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയോട് അഭ്യര്‍ത്ഥിച്ചു. ലോക മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രി വളരുകയാണെന്നും, ഇലക്ട്രോ കാറുകള്‍, മറ്റു ആധുനിക സൌകര്യങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങള്‍, റോഡ് നിര്‍മ്മാണം എന്നിവയില്‍ വളരെയേറെ ഗവേഷണങ്ങള്‍ നടത്തി മുന്നേറുകയാണെന്നും മന്ത്രി ആനന്ദ് ഗീതെ പറഞ്ഞു.

ഇന്ത്യയില്‍ നിന്നും ഓഫ് ഓട്ടാമോട്ടീവ് കമ്പോണന്റ് മാനുഫാക്ച്ചേഴ്സ്, റോട്ടക്സ് ഓട്ടോമേഷന്‍, ശിവം ഓട്ടോ ടെക്നക്, വിനയ് കോര്‍പറേഷന്‍ എന്നീ കമ്പനികള്‍ ഈ 66-ാമതു അന്തരാഷ്ട്ര ഓട്ടോമൊബൈല്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു. ഓട്ടേമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ ഇന്ത്യയുടെ വൈദഗ്ധ്യം ലോകത്തിനു കാണിച്ചു കൊടുക്കുകയും, ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുകയുമാണ് 'ഇന്ത്യഡേ'യിലൂടെ ഇന്‍ഡോ-ജര്‍മന്‍ ഓട്ടോമൊബൈല്‍ അസോസിയേഷനും ഇന്ത്യാ ഗവണ്‍മെന്റും ചെയ്യുന്നത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍