സ്വിറ്റ്സര്‍ലാന്‍ഡില്‍ ബി ഫ്രണ്ട്സിന്റെ ഓണാഘോഷം സെപ്റ്റംബര്‍ അഞ്ചിന്
Monday, August 31, 2015 6:18 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ, സാംസ്കാരിക സംഘടനയായ ബി ഫ്രണ്ട്സ് സെപ്റ്റംബര്‍ അഞ്ചിനു (ശനി) വിപുലമായ ഓണാഘോഷം ഒരുക്കുന്നു. സൂറിച്ച് കുസ്നാഹ്റ്റിലുള്ള വിശാലമായ ഹെസ്ലി ഹാളിലാണ് ഓണാഘോഷം.

രാവിലെ 11 നു നടക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയോടെ ഓണാഘോഷം തുടങ്ങും. തുടര്‍ന്നു പൊതുസമ്മേളനവും കലാസന്ധ്യയും അരങ്ങേറും. ഈ വര്‍ഷത്തെ ഓണാഘോഷത്തിനു മുന്നോടിയായി ബി ഫ്രണ്ട്സ് പൂക്കള മത്സരം ഒരുക്കിയിരുന്നു. മൂന്നു വിവിധ ജില്ലകളിലായി അരങ്ങേറിയ പൂക്കള മത്സര വിജയികള്‍ക്ക് ഓണാഘോഷ വേദിയില്‍ അവാര്‍ഡ് നല്‍കും.

കേരളത്തില്‍നിന്നും വരുന്ന പ്രശസ്തരായ ഗാനമേള സംഘം ഉള്‍പ്പെടെ വിപുലമായ കലാവിരുന്നാണ് ഈ വര്‍ഷം സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ശ്രേയ, അമൃത ടിവി സൂപ്പര്‍സ്റാര്‍ സിംഗറും വയലിന്‍ ഫ്യൂഷന്‍ രംഗത്തെ അതുല്യ പ്രതിഭയുമായ രൂപ, വ്യത്യസ്ത ഭാഷകളിലെ സംഗീത സാമ്രാട്ട് വിപിന്‍, ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ജിനോ എന്നിവര്‍ ചേര്‍ന്നു ഡാന്‍സ് മ്യൂസിക് വയലിന്‍ ഫ്യൂഷന്‍ ഒരുക്കും.

സ്വിറ്റ്സര്‍ലന്‍ഡിലെ 125 ലധികം കലാകാരികളും കലാകാരന്മാരും അരങ്ങിലെത്തുന്ന ഓപ്പണിംഗ് പ്രോഗ്രാമിന്റെ അവസാന മിനുക്ക് പണിയിലാണ് ഡാന്‍സ് ടീച്ചര്‍ നീനുവും കൂട്ടാളികളും. വ്യത്യസ്ഥത പുലര്‍ത്തുന്ന പരിപാടിയില്‍ നീനു മാത്യു കൊറിയോഗ്രാഫി ചെയ്യും. ബേണ്‍, ബാസല്‍, സൂറിച്ച് ജില്ലകളില്‍ നിന്നുമുള്ള യുവതീയുവാക്കള്‍ ബോളിവുഡ് ഡാന്‍സുകള്‍ ഒരുക്കും.

സാംസ്കാരിക രംഗത്ത് തിളങ്ങി നില്‍ക്കുന്ന സംഘടനയായ ബി ഫ്രണ്ട്സ് സാമൂഹ്യ സേവന രംഗത്തും സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു. ഐ ഷെയര്‍ ഉള്‍പ്പെടെ മാതൃകാപരമായ വിവിധ പദ്ധതികള്‍ ബി ഫ്രണ്ട്സ് നടത്തി വരുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍