ജര്‍മനി സംസ്കൃത പഠനം പ്രോത്സാഹിപ്പിക്കാന്‍ തയാറാകുന്നു
Saturday, August 29, 2015 8:53 AM IST
ബെര്‍ലിന്‍: സംസ്കൃതം അടക്കമുള്ള പല ഇന്ത്യന്‍ ഭാഷകള്‍ പ്രോത്സാഹിപ്പിക്കാന്‍ ജര്‍മനി തീരുമാനിച്ചു. ജര്‍മനിയിലെ യൂണിവേഴ്സിറ്റികള്‍ വഴി ഇന്ത്യന്‍ ഭാഷകള്‍ പഠിപ്പിക്കാനാണ് പദ്ധതി തയാറാക്കുന്നത്. ഒക്ടോബറില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഇക്കാര്യത്തില്‍ ഇന്ത്യയില്‍ വച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ജര്‍മനി സന്ദര്‍ശിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞദിവസം ജര്‍മന്‍ വിദേശകാര്യമന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെന്‍മെയര്‍, വിദ്യാഭ്യാസമന്ത്രി യോഹന്നാ വാങ്കെ എന്നിവരുമായി വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. ജര്‍മന്‍ ഭാഷയ്ക്ക് ഇന്ത്യ നല്‍കിവരുന്ന പ്രോത്സാഹനം തുടരുമെന്ന് സുഷമ സ്വരാജ് പറഞ്ഞു.

ജര്‍മനിയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സുഷമ സ്വരാജ്, യൊഹന്ന വാങ്കെയുടെ ശ്രദ്ധയില്‍പ്പെടുത്തി. ജര്‍മനിയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ വീസ പുതുക്കാനും താമസസൌകര്യത്തിനും ബുദ്ധിമുട്ടാറുണ്ട്. പതിനായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ജര്‍മനിയില്‍ ഇപ്പോള്‍ ഉപരിപഠനം നടത്തുന്നത്. ഇന്ത്യയില്‍ എണ്ണൂറിലധികം ജര്‍മന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നു. ഇരു രാജ്യങ്ങളിലെയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തമ്മില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കാനും ഇരു രാജ്യങ്ങളിലേക്കും പഠനത്തിനും ഗവേഷണത്തിനുമായി കൂടുതല്‍ വിദ്യാര്‍ഥികളെ അയയ്ക്കാനും മന്ത്രിമാര്‍ തീരുമാനമെടുത്തു. ഇത് ജര്‍മനിയില്‍ പഠനത്തിനും ഗവേഷണത്തിനുമായി ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അനുഗ്രഹപ്രദമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍