ജര്‍മനി അഭയാര്‍ഥി നിയമത്തില്‍ ഇളവു വരുത്തി
Thursday, August 27, 2015 9:11 AM IST
ബര്‍ലിന്‍: സിറിയന്‍ അഭയാര്‍ഥികള്‍ക്ക് കുടിയേറ്റം എളുപ്പമാക്കുന്ന തരത്തില്‍ ജര്‍മനി നിയമ ഭേദഗതി നടപ്പാക്കി. ഇതുവഴി തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു മേല്‍ അഭയാര്‍ഥിപ്രവാഹം കാരണമുള്ള സമ്മര്‍ദത്തിന് അയവു വരുമെന്നാണു വിലയിരുത്തല്‍.

രണ്ടാം ലോക യുദ്ധത്തിനുശേഷമുള്ള ഏറ്റവും രൂക്ഷമായ അഭയാര്‍ഥി പ്രവാഹത്തിനാണു യൂറോപ്പ് ഇപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഈയാഴ്ച ചേരുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ഇതു മുഖ്യ ചര്‍ച്ചയുമാകും.

യൂറോപ്യന്‍ യൂണിയനില്‍ ആദ്യമായി പ്രവേശിച്ച രാജ്യത്തേക്ക് അഭയാര്‍ഥികളെ തിരിച്ചയയ്ക്കുന്നതാണു ജര്‍മനി ഇതുവരെ സ്വീകരിച്ചുവന്ന രീതി. നിയമ ഭേദഗതി അനുസരിച്ച് സിറിയക്കാരെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഭയാര്‍ഥിത്വത്തിനുള്ള അപേക്ഷയുടെ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും വ്യവസ്ഥയുണ്ട്.

ഡബ്ളിന്‍ ചട്ടപ്രകാരം, അഭയാര്‍ഥി ആദ്യമായി യൂറോപ്യന്‍ യൂണിയനില്‍ കടന്ന രാജ്യമാണ് അവരുടെ അപേക്ഷ പരിഗണിക്കേണ്ടത്. ഇതിന്റെ ചുവടുപിടിച്ചാണു ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍ അഭയാര്‍ഥികളെ തിരിച്ചയച്ചുകൊണ്ടിരുന്നത്. എന്നാല്‍, ഇത് അഭയാര്‍ഥികള്‍ നേരിട്ടു പ്രവേശിക്കുന്ന തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമേല്‍ കടുത്ത സമ്മര്‍ദത്തിനു കാരണമായിരുന്നു. ഈ സാഹചര്യത്തിലാണു ജര്‍മനിയുടെ നിയമ ഭേദഗതി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍