വിഎംഎ സാംസ്കാരിക സന്ധ്യ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, August 27, 2015 9:01 AM IST
വിയന്ന: വിയന്ന മലയാളി അസോസിയേഷന്റെ (വിഎംഎ) സ്വാതന്ത്യ്രദിനാഘോഷവും ഓണാഘോഷവും സംയുക്തമായി ആഘോഷിക്കുന്നു. പുരാണ, ഇതിഹാസ, ചരിത്ര സംഭവങ്ങളെ കോര്‍ത്തിണക്കിയ പരിപാടികള്‍ ഇത്തവണത്തെ ആഘോഷങ്ങളുടെ മാത്രം പ്രത്യേകതയായിരിക്കുമെന്ന് കലാവിഭാഗം കണ്‍വീനര്‍ പറഞ്ഞു.

90 കലാകാരന്മാരെ അണിനിരത്തി, പ്രശസ്ത നര്‍ത്തകി മേരി ജോണ്‍ അണിയിച്ചൊരുക്കുന്ന സമാധാനം, സ്വാതന്ത്യ്രം എന്നീ സന്ദേശം പകര്‍ന്നു നല്‍കുന്ന സ്കിറ്റ് സാംസ്കാരിക സന്ധ്യയിലെ പ്രധാന ആകര്‍ഷണമാകും. കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം എന്നീ നൃത്ത രൂപങ്ങളെ കോര്‍ത്തിണക്കി 16 നര്‍ത്തകര്‍ ഒരുമിച്ചു പങ്കെടുക്കുന്ന ഫ്യൂഷന്‍ എന്ന നൃത്തവും കലാസ്വാദകര്‍ക്കായി വിഎംഎ കലാകാരികള്‍ ഒരുക്കുന്നു.

വിഎംഎ കലാകാരന്മാര്‍ പങ്കെടുക്കുന്ന മാര്‍ഗം കളി, എട്ടു ഗായകര്‍ ഒരുമിച്ചു പാടുന്ന (മെഡ്ലി) പ്രണയം എന്നിവ കൂടാതെ, പ്രവാസിസംഘടനകളുടെ ആഘോഷങ്ങളുടെ പിന്നാമ്പുറം വരച്ചുകാട്ടുന്ന ഹാസ്യ സ്കിറ്റ് തുടങ്ങിയവയെല്ലാം ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതയായിരിക്കുമെന്നു കണ്‍വീനര്‍ അറിയിച്ചു.

യുവജനങ്ങള്‍ അവതരിപ്പിക്കുന്ന ബോളിവുഡ് സിനിമാറ്റിക്, മോഹിനിയാട്ടം തുടങ്ങി നിരവധി കലാപരിപാടികള്‍ ആഘോഷത്തോടനുബന്ധിച്ച് ഉണ്ടാകും. വെള്ളിയാഴ്ച നടക്കുന്ന അവസാന റിഹേഴ്സലിലേക്കും കലാസന്ധ്യയിലേക്കും ഏവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മാത്യു കിഴക്കേക്കര, സെക്രട്ടറി ബീന തുപ്പത്തി, കലാ വിഭാഗം കണ്‍വീനര്‍ ബാബു തട്ടില്‍ നടക്കിലാന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍