അഭയാര്‍ഥികളെ കൈകാര്യം ചെയ്യാന്‍ ജര്‍മനി പുതിയ പദ്ധതി മുന്നോട്ടുവച്ചു
Wednesday, August 26, 2015 8:01 AM IST
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍ എങ്ങനെ അഭയാര്‍ഥി പ്രശ്നം കൈകാര്യം ചെയ്യണം എന്നു നിര്‍ദേശിക്കുന്ന പത്തിന പദ്ധതി ജര്‍മനി മുന്നോട്ടുവച്ചു. യൂണിയന്‍ നിലവില്‍ സ്വീകരിച്ചു വരുന്ന പദ്ധതിയില്‍നിന്നു പല കാര്യങ്ങളിലും വ്യത്യസ്തമാണിത്.

ഇത്രയേറെ പേര്‍ യൂറോപ്പിലേക്ക് ഒറ്റയടിക്കു പലായനം ചെയ്യുന്ന സാഹചര്യം അഭൂതപൂര്‍വമാണെന്നു പദ്ധതി അവതരിപ്പിച്ചുകൊണ്ടു ജര്‍മന്‍ വൈസ് ചാന്‍സലര്‍ സിഗ്മര്‍ ഗബ്രിയേലും വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റീന്‍മെയറും പറഞ്ഞു.

പ്രശ്നം ദേശീയ തലത്തില്‍ മാത്രം കൈകാര്യം ചെയ്യേണ്ടതല്ലെന്നും യൂറോപ്യന്‍ തലത്തില്‍ ഒരുമിച്ചു നേരിടേണ്ടതാണെന്നും എസ്പിഡി പ്രതിനിധികളായ ഇരു നേതാക്കളും പറയുന്നു. ജര്‍മനിയുടെ പരമാവധി സഹകരണവും അവര്‍ ഉറപ്പു നല്‍കുന്നു.

പദ്ധതിയിലെ നിര്‍ദേശങ്ങള്‍ ഇവയാണ്:

1. അഭയാര്‍ഥികള്‍ക്കു മനുഷ്യവാസയോഗ്യമായ സൌകര്യങ്ങള്‍ ഒരുക്കുക.

2. അഭയാര്‍ഥിത്വത്തിനു യൂറോപ്പ് ഏകീകൃത കോഡ് തയാറാക്കുക.

3. അഭയാര്‍ഥികളെ യൂണിയന്‍ അംഗങ്ങള്‍ ആനുപാതികമായി പങ്കുവയ്ക്കുക.

4. അതിര്‍ത്തി കാക്കുന്നതില്‍ യൂറോപ്പിനു പൊതുവായ നയം രൂപീകരിക്കുക.

5. കൂടുതല്‍ സമ്മര്‍ദം നേരിടുന്ന രാജ്യങ്ങള്‍ക്കു പിന്തുണ നല്‍കുക.

6. മെഡിറ്ററേനിയനിലൂടെ യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിച്ച് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുക.

7. അഭയാര്‍ഥിത്വ അപേക്ഷ നിരസിക്കപ്പെട്ടവരെ നാടുകടത്തുക.

8. അഭയാര്‍ഥികളുടെ രാജ്യങ്ങളില്‍ സുരക്ഷിതമായവ നിര്‍ണയിക്കുക.

9. ജര്‍മനിക്കായി പുതിയ കുടിയേറ്റ നിയമം രൂപവത്കരിക്കുക.

10. മധ്യപൂര്‍വേഷ്യയിലെയും ആഫ്രിക്കയിലെയും സംഘര്‍ഷങ്ങളുടെ മൂലകാരണം കണ്ടെത്തി പരിഹരിക്കുക.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍