സ്വിറ്റ്സര്‍ലന്‍ഡില്‍ കേളി ഓണം സെപ്റ്റംബര്‍ 12ന്
Wednesday, August 26, 2015 6:09 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ, സാംസ്കാരിക സംഘടനയായ കേളി ഒരുക്കുന്ന ഓണാഘോഷം സെപ്റ്റംബര്‍ 12നു (ശനി) സൂറിച്ചിലെ കുസ്നാഹ്റ്റ് ഹെസ്ലി ഹാളില്‍ നടക്കും.

പതിവുപോലെ രുചികരമായ ഓണസദ്യയും കലാസന്ധ്യയും അരങ്ങേറും. രഞ്ജിനി ജോസും സച്ചിന്‍ വാരിയറും നയിക്കുന്ന ഗാനമേള, പുതിയ തലമുറയിലെ നൂറില്‍പ്പരം കലാകാരികളും കലാകാരന്മാരുമായി റോസ് മേരി അണിയിച്ചൊരുക്കുന്ന നൃത്തശില്‍പ്പം എന്നിവ അരങ്ങേറും.

സ്വിറ്റ്സര്‍ലന്‍ഡിലെ മലയാളികളുടെ ഇടയിലെ കാര്‍ഷിക താത്പര്യങ്ങളെ അംഗീകരിക്കുന്നതിനായി കാര്‍ഷിക വിളകളുടെ പ്രദര്‍ശനവും നടക്കും. കൂടാതെ പുഷ്പങ്ങളുടെ കൂടി ഉത്സവമായ ഓണാഘോഷത്തിനു മാറ്റു കൂട്ടുവാന്‍ ഫ്ളവര്‍ ഷോയും ഉണ്ടായിരിക്കും. നല്ല കര്‍ഷകനും ഏറ്റവും നല്ല പുഷ്പാലങ്കാരത്തിനും ട്രോഫിയും കാഷ് പ്രൈസും നല്‍കും. കാണികള്‍ക്കു വിജയികളെ തെരഞ്ഞെടുക്കാം.

പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. ഒരു വ്യക്തിക്ക് 40 സ്വിസ് ഫ്രാങ്കും ഒരു കുടുംബത്തിന് നൂറു സ്വിസ് ഫ്രാങ്കും (ഫാമിലി പാസ്) ആണു പാസ് നിരക്ക്.

കാരുണ്യ പ്രവര്‍ത്തനത്തിലും ബദ്ധശ്രദ്ധ ചെലുത്തുന്ന കേളിയുടെ കലാസായാഹ്നങ്ങളില്‍നിന്നുള്ള വരുമാനം മുഴുവനും സാമൂഹ്യ പ്രവര്‍ത്തനത്തിനായി മാത്രം വിനിയോഗിക്കുന്നു. കേരളത്തിലെ ഭിന്ന ശേഷിയുള്ളവരെ സഹായിക്കുന്ന പദ്ധതിയായ തണലിനുവേണ്ടി ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ വരുമാനം ചെലവിടുമെന്ന് പ്രസിഡന്റ് ബാബു കാട്ടുപാലം അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍