വിയന്നയില്‍ ഓരോ വര്‍ഷവും കിന്റര്‍ ഗാര്‍ട്ടനില്‍ പുതിയ 3000 സീറ്റുകള്‍ വീതം
Wednesday, August 26, 2015 5:59 AM IST
വിയന്ന: സെപ്റ്റംബറില്‍ വിയന്നയില്‍ കിന്റര്‍ ഗാര്‍ട്ടന്‍ അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ പുതുതായി 16,000 കുട്ടികള്‍ അടിസ്ഥാന വിദ്യാഭ്യാസ കേന്ദ്രങ്ങളിലെത്തും. പ്രതിവര്‍ഷം 3000 കുട്ടികളുടെ വര്‍ധനയാണ് അഡ്മിഷനിലുണ്ടാകുന്നത്. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കുട്ടികളുടെ എണ്ണം 20000 ആയി വര്‍ധിക്കുമെന്ന് കിന്റര്‍ ഗാര്‍ട്ടന്‍ വകുപ്പ് മേധാവി ക്രിസ്ത്യന്‍ ഒക്സോനിറ്റ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഓരോ വര്‍ഷവും അധികമായി 3000 സീറ്റുകളാണു വേണ്ടി വരുന്നത്. 2025 ആകുമ്പോള്‍ 10 വയസിനിടയില്‍ പ്രായമുള്ള 20000 കുട്ടികള്‍ക്കുമേല്‍ പുതുതായി അടിസ്ഥാന വിദ്യാഭ്യാസ കളരികളിലെത്തും. ഇവരെ ഉള്‍ക്കൊള്ളുവാന്‍ സര്‍ക്കാരിന് കുറഞ്ഞത് 50 മുതല്‍ 70 വരെ കിന്റര്‍ ഗാര്‍ട്ടന്‍ ഗ്രൂപ്പുകള്‍ ഓരോ വര്‍ഷവും ഉണ്ടാക്കേണ്ടിവരും.

നിലവില്‍ 79,800 സീറ്റുകളാണ് വിയന്ന സംസ്ഥാനത്ത് ഉള്ളത്. പ്രതിവര്‍ഷം കിന്റര്‍ ഗാര്‍ട്ടനുകള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നത് 780 മില്യന്‍ യൂറോയും. പുതുതായി വിയന്നയിലെ സീമമറിംഗ് ജില്ലയില്‍ ആരംഭിക്കുന്ന കിന്റര്‍ ഗാര്‍ട്ടനില്‍ 70 കുട്ടികള്‍ക്ക് അഡ്മിഷന്‍ ലഭിക്കും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍