ജര്‍മനിയിലേയ്ക്കുള്ള അഭയാര്‍ഥികളുടെ എണ്ണം എട്ടു ലക്ഷം കടക്കുമെന്ന് സര്‍ക്കാര്‍
Thursday, August 20, 2015 8:18 AM IST
ബര്‍ലിന്‍: ജര്‍മനിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന്റെ കണക്ക് വീണ്ടും ഉയരുന്നു. ഈ വര്‍ഷം രാജ്യത്തെത്തുന്ന അഭയാര്‍ഥികളുടെ എണ്ണം ഏഴര ലക്ഷം കടക്കുമെന്ന കണക്ക് സര്‍ക്കാര്‍ തിരുത്തി. എട്ടു ലക്ഷമാണ് പുതിയ പ്രവചനം.

ഇതു വലിയ വെല്ലുവിളി തന്നെയെന്ന് ആഭ്യന്തര മന്ത്രി തോമസ് ഡെ മെയ്സ്യര്‍. എന്നാല്‍, അതിനു മുന്നില്‍ പതറില്ല. പ്രശ്നപരിഹാരത്തിന് വ്യത്യസ്തവും വേഗമേറിയതും പ്രായോഗികവുമായ മാര്‍ഗങ്ങളാണ് തേടേണ്ടതെന്നും മെയ്സ്യര്‍ പറഞ്ഞു.

നാലര ലക്ഷം അഭാര്‍ഥികള്‍ എത്തുമെന്നായിരുന്നു ആദ്യത്തെ കണക്ക്. പിന്നീട് ഇത് ആറു ലക്ഷമായും അതിനു ശേഷം ഏഴര ലക്ഷമായും ഉയര്‍ത്തിയിരുന്നു. ഇതിനു മുമ്പ് രാജ്യത്ത് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍ എത്തിയത് 1992 ലായിരുന്നു, 4,40,000 പേര്‍.

സിറിയയില്‍നിന്നും ബാള്‍ക്കന്‍ രാജ്യങ്ങളില്‍നിന്നുമുള്ള കുടിയേറ്റ പ്രവാഹം സര്‍വ നിയന്ത്രണങ്ങളും ഭേദിച്ച സാഹചര്യത്തിലാണ് കണക്കുകളില്‍ വലിയ വ്യത്യാസം വരുന്നത്. യൂറോപ്പിലെ കൂടുതല്‍ രാജ്യങ്ങള്‍ കുടിയേറ്റക്കാരുടെ ഭാരം പങ്കുവയ്ക്കാന്‍ തയാറാകണമെന്ന് അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മിഷണര്‍ അന്റോണിയോ ഗുട്ടിറെസ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ജര്‍മനിയും സ്വീഡനുമാണ് അഭയാര്‍ഥികളില്‍ സിംഹഭാഗത്തെയും സ്വീകരിച്ചുവരുന്നതെന്ന് ദി വെല്‍റ്റ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗുട്ടിറെസ് ചൂണ്ടിക്കാട്ടി. സ്വീഡനില്‍ ഈ വര്‍ഷം എണ്‍പതിനായിരത്തോളം പേര്‍ അഭയം തേടാന്‍ ഇടയുള്ളതായാണ് കണക്കാക്കുന്നത്.

ജൂലൈ വരെയുള്ള കണക്കനുസരിച്ച് ഈ വര്‍ഷം 107,500 അഭയാര്‍ഥികളാണ് യൂറോപ്പിന്റെ അതിര്‍ത്തികള്‍ കടന്നിരിക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും എത്തിയത് ജര്‍മനിയില്‍ തന്നെ. ജര്‍മനി ഇക്കാര്യത്തില്‍ ഗതിമുട്ടുമെന്നുതന്നെയാണ് പൊതുജനാഭിപ്രായം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍