ഗ്രീസിനേക്കാള്‍ വലിയ പ്രശ്നം അഭയാര്‍ഥികള്‍: മെര്‍ക്കല്‍
Wednesday, August 19, 2015 8:01 AM IST
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ച് ഗ്രീക്ക് സാമ്പത്തിക പ്രതിസന്ധിയെക്കാള്‍ വലിയ പ്രശ്നമായി അഭയാര്‍ഥികള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നു ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ജര്‍മനിയില്‍ അഭയാര്‍ഥികള്‍ക്കുനേരേ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളെ അവര്‍ അപലപിക്കുകയും ചെയ്തു.

ജര്‍മനിയില്‍ ഈ വര്‍ഷം ഇതുവരെ അഭയാര്‍ഥികള്‍ക്കെതിരേ ഇരുനൂറോളം ആക്രമണങ്ങളാണു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോള്‍, അതു നമ്മുടെ രാജ്യത്തിനു ചേരുന്നതല്ലെന്നായിരുന്നു മെര്‍ക്കലിന്റെ മറുപടി.

വരും നാളുകളില്‍ അഭയാര്‍ഥിപ്രവാഹം ഗ്രീക്ക് പ്രതിസന്ധിയും യൂറോയുടെ സ്ഥിരതയും അടക്കമുള്ള വിഷയങ്ങളെക്കാള്‍ വളര്‍ന്നു വലുതാകാനുള്ള സാധ്യതയും അവര്‍ ചൂണ്ടിക്കാട്ടി. സംയുക്തമായ പ്രവര്‍ത്തനം നടത്താന്‍ യൂറോപ്പിനു സാധിക്കുമോ എന്നു തെളിയിക്കേണ്ടത് ഈ വിഷയത്തിലാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ജര്‍മനിയിലേക്കുള്ള അഭാര്‍ഥിപ്രവാഹം ഈ വര്‍ഷം ആറു ലക്ഷം കടക്കുമെന്നാണു വിലയിരുത്തല്‍. ഇവരെ കൈകാര്യം ചെയ്യുന്നതില്‍ ഇപ്പോഴുള്ള സൌകര്യങ്ങള്‍ ഒട്ടും തൃപ്തികരമല്ലെന്നും മെര്‍ക്കല്‍ സമ്മതിച്ചു. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണു ജര്‍മനിയിലെ കുടിയേറ്റക്കാരില്‍ നാല്‍പ്പതു ശതമാനവും. ഈ കണക്ക് യൂറോപ്പിനുതന്നെ നാണക്കേടാണെന്ന് ജര്‍മന്‍ ആഭ്യന്തര മന്ത്രി തോമസ് ഡി മെയ്സ്യര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍