ഓസ്ട്രിയയില്‍ കൊടുംചൂടില്‍ കടന്നലുകള്‍ അക്രമാസക്തമാകുന്നു
Wednesday, August 19, 2015 5:19 AM IST
വിയന്ന: ഓസ്ട്രിയയിലെ കടുത്ത ചൂടില്‍ കടന്നലുകള്‍ ആക്രമണകാരികളാകുന്നു. കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണു കടന്നലുകളുടെ ആക്രമണമെന്ന് പല ഓസ്ട്രിയന്‍ സംസ്ഥാനങ്ങളില്‍നിന്നു റിപ്പോര്‍ട്ട് ചെയ്തു.

ചരിത്രത്തിലില്ലാത്തവിധം ഓസ്ട്രിയ ചുട്ടുപഴുത്ത ഈ വേനലില്‍ 40 ഡിഗ്രിയായി താപനില ഉയര്‍ന്നത് കടന്നലുകളെ കൂടുതല്‍ ആക്രമണകാരിയാക്കി മാറ്റിയതായി ജന്തുശാസ്ത്രവിഭാഗം മേധാവി പറഞ്ഞു.

കടന്നലുകളുടെ കൂടുകള്‍ നീക്കം ചെയ്യുവാന്‍ കൂടുതല്‍ അഗ്നിശമനസേനക്കാരെ എല്ലാ സംസ്ഥാനങ്ങളിലും നിയോഗിക്കേണ്ടിവരുന്നു. ഒക്ടോബര്‍ മാസമാകുമ്പോള്‍ ഇത് പാരമ്യത്തിലെത്തും. സാള്‍സ്ബുര്‍ഗ് സംസ്ഥാനത്തുമാത്രം ഏകദേശം ആയിരത്തിലധികം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറിലധികം കൂടുകള്‍ അഗ്നിശമന സേനാ വിഭാഗം നശിപ്പിച്ചു. ടിറോ സംസ്ഥാനത്തുനിന്നും സമാനമായ കണക്കുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഓബര്‍ ഓസ്ട്രിയയിലാകട്ടെ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത അഞ്ചു പുതിയ ഇനം കടന്നലുകളെ കണ്െടത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 40 ഡിഗ്രി ചൂടില്‍ ഇവ കടുത്ത ആക്രമണകാരികളായിരിക്കുമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍