ബര്‍ലിന്‍ യൂറോപ്പിലെ മൂന്നാമത്തെ വലിയ ടൂറിസ്റ് ആകര്‍ഷണകേന്ദ്രം
Monday, August 17, 2015 8:11 AM IST
ബര്‍ലിന്‍: ടൂറിസം രംഗത്ത് വന്‍ വളര്‍ച്ചയുടെ മറ്റൊരു അര്‍ധവര്‍ഷം കൂടി പിന്നിട്ട ബര്‍ലിന്‍ യൂറോപ്പിലെ മൂന്നാമത്തെ വലിയ ടൂറിസ്റ് ആകര്‍ഷണ കേന്ദ്രമായി മാറി. ലണ്ടനും പാരീസുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നത്.

വൈകാതെ പാരീസിനെ മറികടക്കാന്‍ ബര്‍ലിനു സാധിക്കുമെന്നാണ് വിലയിരുത്തല്‍. ജര്‍മന്‍ ടൂറിസം മേഖലയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ അര്‍ധ വര്‍ഷം എന്നാണ് ഈ വര്‍ഷത്തിന്റെ ആദ്യ ആറു മാസങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

ജനുവരി മുതല്‍ ജൂണ്‍ വരെ ബര്‍ലിനിലെ ഹോട്ടലുകളില്‍ വന്നുപോയത് 13.8 മില്യന്‍ താമസക്കാര്‍. കഴിഞ്ഞ വര്‍ഷത്തെ റിക്കാര്‍ഡിനെക്കാള്‍ 4.8 ശതമാനം അധികമാണിത്. വിദേശ സന്ദര്‍ശകരുടെ മാത്രം കണക്കെടുത്താല്‍ 8.5 ശതമാനമാണ് വളര്‍ച്ച. വളര്‍ച്ച മാത്രം പരിഗണിക്കുമ്പോള്‍ യൂറോപ്പില്‍ ഒന്നാം സ്ഥാനം തന്നെയാണ് ബര്‍ലിന്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍