ഗ്രീസിനുള്ള മൂന്നാം രക്ഷാ പാക്കേജിന് യൂറോഗ്രൂപ്പിന്റെ അംഗീകാരം
Saturday, August 15, 2015 6:50 AM IST
ഏഥന്‍സ്: ഗ്രീസിനു നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്ന മൂന്നാമത്തെ സാമ്പത്തിക രക്ഷാ പാക്കേജിന് യൂറോസോണ്‍ ധനമന്ത്രിമാര്‍ അംഗീകാരം നല്‍കി. വ്യക്തമായ സന്ദേശമാണ് പാക്കേജിലൂടെ നല്‍കപ്പെടുന്നതെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ജീന്‍ ക്ളൌഡെ ജുങ്കര്‍. ഗ്രീസ് യൂറോസോണില്‍ തുടരും എന്നതാണ് ആ സന്ദേശമെന്നും അദ്ദേഹം വിശദീകരിച്ചു.

നികുതി വര്‍ധനയും ശക്തമായ ചെലവുചുരുക്കല്‍ നടപടികളും അടക്കമുള്ള ഉപാധികളോടെയാണ് പാക്കേജ് അംഗീകരിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷമാണ് കാലാവധി. ഇതുപ്രകാരം 86 ബില്യന്‍ യൂറോയാണ് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഗ്രീസിനു നല്‍കുക.

അതേസമയം, ജനഹിത പരിശോധന നടത്തി തള്ളിക്കളഞ്ഞ ഉപാധികളെല്ലാം അംഗീകരിച്ചുതന്നെ പുതിയ രക്ഷാ പാക്കേജ് സ്വീകരിക്കാന്‍ നിര്‍ബന്ധിതനായത് ഗ്രീക്ക് പ്രധാനമന്ത്രി അലക്സി സിപ്രാസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിന്റെ പേരില്‍ അദ്ദേഹത്തിന്റെ സൈറിസ പാര്‍ട്ടി ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്നു. പ്രതിപക്ഷത്തിന്റെ സഹായത്തോടെയാണ് പാര്‍ലമെന്റില്‍ അദ്ദേഹം പാക്കേജിന് അംഗീകാരം നേടിയെടുത്തത്.

നാല്‍പ്പതിലേറെ ഭരണപക്ഷ എംപിമാര്‍ പാക്കേജിനെതിരേ പാര്‍ലമെന്റില്‍ വോട്ടു ചെയ്തിരുന്നു. പുതിയ സാഹചര്യത്തില്‍ സിപ്രാസ് വിശ്വാസ വോട്ട് തേടാന്‍ തയാറാകുമെന്നും സൂചനയുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍