ജര്‍മനിയില്‍ അഭയാര്‍ഥിയുടെ കുട്ടിക്ക് ആംഗല മെര്‍ക്കലെന്നു പേരിട്ടു
Saturday, August 15, 2015 6:49 AM IST
ബര്‍ലിന്‍: അഭയാര്‍ഥിയായ ബാലിക ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ വാക്കുകള്‍ കേട്ട് കരയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന് ചര്‍ച്ചയായത് കഴിഞ്ഞ മാസമായിരുന്നു. എന്നാലിതാ, ഇപ്പോള്‍ മെര്‍ക്കലിനോടുള്ള നന്ദി സൂചകമായി ഒരു കുടിയേറ്റ കുടുംബം അവരുടെ കുട്ടിക്ക് ചാന്‍സലറുടെ പേരിട്ടിരിക്കുന്നു.

ഘാനയില്‍നിന്നുള്ള കുടിയേറ്റക്കാരിയാണ് ആറു മാസം പ്രായമുള്ള മകള്‍ക്ക് ആംഗല മെര്‍ക്കല്‍ അഡേ എന്നു പേരു നല്‍കിയിരിക്കുന്നത്. ഹാനോവറിലെ ആശുപത്രിയില്‍ ഫെബ്രുവരിയിലായിരുന്നു കുട്ടിയുടെ ജനനം.

ചാന്‍സലര്‍ ആംഗലയും തന്റെ മകള്‍ ആംഗലയും പ്രതീക്ഷയുടെ തിരിനാളങ്ങളാണെന്ന് കുട്ടിയുടെ അമ്മ ഇരുപത്താറുകാരി ഒഫേല്യ അഡേ പറയുന്നു. വളരെ നല്ല സ്ത്രീയെന്നാണ് ചാന്‍സലറെക്കുറിച്ച് അവര്‍ക്കു പറയാനുള്ളത്. മെര്‍ക്കലിന്റെ പേരിട്ടതിനെച്ചൊല്ലി വിവാദം ഉയരുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍