കുതിരപ്പന്തയത്തില്‍ ജര്‍മന്‍ വനിതാ മന്ത്രി താരമായി
Friday, August 14, 2015 8:09 AM IST
ബര്‍ലിന്‍: രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയെന്നു പറയുമ്പോള്‍ അതിനു ചേരുന്ന ഒരു ഗെറ്റപ്പൊക്കെ വേണ്ടേ? അതായിരിക്കണം ജര്‍മന്‍ പ്രതിരോധ മന്ത്രി ഉര്‍സുല വോന്‍ ഡെര്‍ ലെയ്ന്‍ കുതിരപ്പന്തയത്തിനിറങ്ങിയത്.

ഇന്റര്‍നാഷണല്‍ ഇക്വിസ്ട്രിയന്‍ ഫെഡറേഷന്റെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനവേദിയിലാണ് അശ്വാഭ്യാസിയുടെ വേഷത്തില്‍ മന്ത്രി പ്രത്യക്ഷപ്പെട്ടതും താരമായതും.

ജര്‍മനിയിലെ പത്ത് സ്റേറ്റ് സ്റഡ് ഫാമുകളുടെ പ്രകടനത്തിന്റെ മുന്‍നിരയിലായിരുന്നു ഉര്‍സുല. അവര്‍ ധരിച്ചിരുന്നത് ലോവര്‍ സാക്സണിയിലെ സെല്ലെ സ്റഡ് ഫാമിന്റെ ജേഴ്സിയും. നാല്‍പ്പതിനായിരത്തോളം കാണികള്‍ക്കു മുന്നിലായിരുന്നു പ്രകടനം.

കുതിരകളും അവയെ ഓടിക്കുന്നവരും തന്നെയാണ് യഥാര്‍ഥ താരങ്ങളെന്നു മന്ത്രി പിന്നീട് വിനയാന്വിതയായി. മൂന്നു ദിവസത്തെ പരിശീലനത്തിനു ശേഷമാണ് താന്‍ കുതിരയെ ഓടിച്ചതെന്നും അവര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍