ഡിഎംഎയുടെ ഓണാഘോഷം ഓഗസ്റ് 23ന്
Friday, August 14, 2015 6:08 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ് 23നു (ഞായര്‍) രാവിലെ ഒമ്പതു മുതല്‍ രാത്രി 10 വരെ നടക്കും.

ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തിലെ വെയിറ്റ് ലിഫ്റ്റിംഗ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളില്‍ കാബിനറ്റ് മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

രാവിലെ ഒമ്പതു മുതല്‍ 12 വരെ ഡിഎംഎയുടെ കീഴിലുള്ള 20 ടീമുകള്‍ പങ്കെടുക്കുന്ന പൂക്കള മത്സരം നടക്കും. ഒന്നാം സമ്മാനം 15,000 രൂപയും എവര്‍ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 10,000 രൂപയും മൂന്നാം സമ്മാനം 7,500 രൂപയുമാണ്. കൂടാതെ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കും. വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് പൂക്കള മത്സരം കണ്‍വീനര്‍ വിനോദിനി ഹരിദാസ് പറഞ്ഞു.

വൈകുന്നേരം 5.30നു നടക്കുന്ന പൊതുസമ്മേളനത്തില്‍ ഡിഎംഎ പ്രസിഡന്റ് എ.ടി. സൈനുദിന്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, വൈസ് പ്രസിഡന്റുമാരായ ജി. ശിവശങ്കരന്‍, സി. കേശവന്‍കുട്ടി, അഡീഷണല്‍ ജനറല്‍ സെക്രട്ടറി എന്‍.സി. ഷാജി, ട്രഷറര്‍ പി. രവീന്ദ്രന്‍, ജോ. ട്രഷറര്‍ എ. മുരളീധരന്‍, ഇന്റേണല്‍ ഓഡിറ്റര്‍ സി.ബി. മോഹനന്‍, ജോ. ഇന്റേണല്‍ ഓഡിറ്റര്‍ വി.എം. മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സമ്മേളനത്തില്‍ സിബിഎസ്ഇ പരീക്ഷയില്‍ 2015ല്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് സലില്‍ ശിവദാസ് മെമ്മോറിയല്‍ അക്കാഡമിക് എക്സെലെന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും. തുടര്‍ന്ന് ഡിഎംഎയുടെ വിവിധ ശാഖകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. പ്രവേശനം സൌജന്യമാണ്.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി