ഹിതപരിശോധന വെറുതേ; കടുത്ത വ്യവസ്ഥകളെല്ലാം ഗ്രീസ് അംഗീകരിച്ചു
Thursday, August 13, 2015 8:20 AM IST
ഏഥന്‍സ്: രക്ഷാ പാക്കേജിന്റെ മൂന്നാം ഗഡു സ്വീകരിക്കുന്നതിനുള്ള ഉപാധികള്‍ തള്ളിക്കളഞ്ഞ ജനഹിത പരിശോധന വെറുതേ. ഗ്രീസ് സകലമാന ഉപാധികളും അംഗീകരിച്ച് വായ്പ സ്വീകരിക്കാന്‍ സമ്മതിച്ചു.

ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണു ഗ്രീക്ക് രക്ഷാപദ്ധതി വ്യവസ്ഥകളില്‍ ഇരുവിഭാഗവും കഴിഞ്ഞ ദിവസം ധാരണയിലത്തിെയത്. വ്യവസ്ഥകള്‍ പുറത്തുവന്നതോടെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ ഹിതപരിശോധനയുടെ നിരര്‍ഥകത വെളിവായത്.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും യൂറോപ്യന്‍ കമീഷനും മുന്നോട്ടുവച്ച കടുത്ത വ്യവസ്ഥകള്‍ക്ക് പൂര്‍ണമായി വഴങ്ങാന്‍ ഗ്രീസ് തയാറായതോടെയാണ് കരാറിനു തത്ത്വത്തില്‍ അംഗീകാരമായത്. ഗ്രീക്ക് പാര്‍ലമെന്റും യൂറോപ്യന്‍ യൂണിയനും അംഗീകാരം നല്‍കുന്നതോടെ കരാര്‍ പ്രാബല്യത്തിലാകും. സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം കടുത്ത അച്ചടക്കനടപടികള്‍ നടപ്പാക്കുന്ന മുറക്ക് മൂന്നുവര്‍ഷത്തിനിടെ തവണകളായി 8600 കോടി യൂറോയാണ് സഹായമനുവദിക്കുക.

നേരത്തേ വിരമിക്കാനുള്ള ഇളവ് പൂര്‍ണമായി എടുത്തുകളയുക, 2022 നുള്ളില്‍ വിരമിക്കല്‍ പ്രായം 67 ആയി ഉയര്‍ത്തുക, ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ കാര്യക്ഷമമായ സംവിധാനം സ്വീകരിക്കുക, അടുത്ത ബജറ്റ് മുതല്‍ ബജറ്റ് കമ്മി ഒഴിവാക്കുക, 2018ല്‍ ബജറ്റ് മിച്ചം 3.5 ആയി ഉയര്‍ത്തുക, സാമൂഹികക്ഷേമ നടപടികള്‍ ഭാഗികമായി അവസാനിപ്പിക്കുക, പ്രകൃതിവാതക വിപണിയിലെ നിയന്ത്രണങ്ങള്‍ എടുത്തുകളയുക, പ്രധാന തുറമുഖങ്ങളായ പിറയസ്, തെസലോനികി എന്നിവ സ്വകാര്യവത്കരിക്കുക, കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ എടുത്തുകളയുക, പുതിയ തൊഴില്‍മേഖല തുറക്കുക, നികുതി വര്‍ധിപ്പിക്കുക തുടങ്ങിയ വിഷയങ്ങളിലാണ് ഇരുവിഭാഗവും തമ്മില്‍ ധാരണയിലത്തിെയത്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിച്ച് ലഭിക്കുന്ന തുക പ്രത്യേക ഫണ്ടായി നീക്കിവയ്ക്കണമെന്ന നിര്‍ദേശത്തെച്ചൊല്ലി ഗ്രീക്ക് സര്‍ക്കാരും യൂറോപ്യന്‍ യൂണിയനും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നുവെങ്കിലും അതും തീരുമാനമായതോടെയാണ് അംഗീകാരം ലഭിച്ചത്.

ആളോഹരി വരുമാനത്തിന്റെ രണ്ടിരട്ടിയോളം വരുന്ന ഗ്രീക്ക് കടബാധ്യത അടുത്ത രണ്ടു വര്‍ഷത്തിനിടെ ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ക്ക് ഉടന്‍ തുടക്കമാവും. നിലവിലെ കടങ്ങള്‍ ഭാഗികമായി എഴുതിത്തള്ളാതെ ഇതു നടക്കില്ലെന്നതാണ് സ്ഥിതി. ഗ്രീക്ക് പാര്‍ലമെന്റ് കരാറിന് ഉടന്‍ അംഗീകാരം നല്‍കിയില്ലെങ്കില്‍ ഓഗസ്റ് 20ന് അവധിയെത്തുന്ന 300 കോടി ഡോളര്‍ വായ്പ തിരിച്ചടക്കാന്‍ പ്രയാസപ്പെടും. ഇത് പ്രതിസന്ധി വീണ്ടും ഗുരുതരമാക്കുമെന്ന ആശങ്കയുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍