സ്വിസ് വിമാനത്താവളത്തില്‍നിന്ന് 262 കിലോ ആനക്കൊമ്പ് പിടികൂടി
Wednesday, August 5, 2015 6:44 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച്ച് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 262 കിലോ ആനക്കൊമ്പ് പിടികൂടി. ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ നിന്നു ചൈനക്കാരായ മൂന്നുപേര്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്കു കയറ്റി അയച്ചതായിരുന്നു കോടികളുടെ മൂല്യമുള്ള ആനക്കൊമ്പുകള്‍. സ്വിസ് വഴി ചൈനയിലേക്ക് എത്തിക്കുകയായിരുന്നു കള്ളക്കടത്തുകാരുടെ ലക്ഷ്യം.

ആറു പെട്ടികളിലായി പായ്ക്ക് ചെയ്തിരുന്ന ആനക്കൊമ്പുകള്‍ സെക്യൂരിറ്റി വിഭാഗം പരിശോധനയില്‍ കണ്െടത്തുകയായിരുന്നു. പെട്ടികളില്‍ ഒതുങ്ങുന്ന അളവില്‍ ആനക്കൊമ്പുകള്‍ മുറിച്ച് അടുക്കിയിരുന്നു. 40 മുതല്‍ 50 വരെ ആനകളുടെ കൊമ്പുകള്‍ ഇതിനായി ഉപയോഗിച്ചുവെന്നു കസ്റംസ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആനക്കൊമ്പുകള്‍ക്കു പുറമേ സിംഹത്തിന്റേതായ നഖങ്ങളും പെട്ടികളില്‍നിന്നു കണ്െടത്തിയിരുന്നു.

സ്വിറ്റ്സര്‍ലന്‍ഡിലെ നിയമമനുസരിച്ച് നിയമനടപടിക്കു പുറമേ വന്‍ തുക പിഴയായും ഒടുക്കേണ്ടി വരും.

1989 മുതല്‍ അന്താരാഷ്ട്ര തലത്തില്‍ ആനക്കൊമ്പ് വ്യാപാരം നിരോധിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ആയിരക്കണക്കിന് ആനകളാണ് ആഫ്രിക്കയില്‍ മാത്രം കൊല്ലപ്പെടുന്നത്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍