സ്വിറ്റ്സര്‍ലന്‍ഡില്‍ മാനഭംഗത്തിനിരയായ യുവതിക്ക് പക്ഷാഘാതം
Friday, July 31, 2015 6:07 AM IST
ലുട്സേണ്‍: സ്വിറ്റ്സര്‍ലന്‍ഡില്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം സൈക്കിള്‍ സവാരിക്കിടെ മാനഭംഗത്തിനിരയായ യുവതിക്കു പക്ഷാഘാതം ഉണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സൈക്കിള്‍ സവാരിക്കിടെ ആക്രമിക്കപ്പെട്ട യുവതിയെ അക്രമി ലുട്സേണ്‍ റൂസ് നദിക്കരയിലെ കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നു.

26 കാരിയായ യുവതിയുടെ നട്ടെല്ലിനു ഗുരുതരമായി ക്ഷതമേറ്റിരുന്നു. സ്വിസ് പാരപ്ളേഗി വകുപ്പ് യുവതിയുടെ ശരീരം തളര്‍ന്നതായി സ്ഥിരീകരിച്ചു. വെള്ളക്കാരനായ ആക്രമിയെ ഇതുവരെയും പിടി കൂടാനായില്ല. യുറോപ്യന്‍ രാജ്യത്തുനിന്നുള്ള 1.70 നും 1.80 നും (മീറ്റര്‍) ഉയരമുള്ള ആളാണ് അക്രമി എന്നാണു പോലീസ് വെളിപ്പെടുത്തല്‍. സ്വദേശ ഭാഷയായ ജര്‍മന്‍ ഭാഷ വശ മില്ലാത്ത ആളായിരുന്നു ആക്രമി.

സ്വിസിലെ മനോഹരമായ നദികളുടെയും തടാകങ്ങളുടെയും തീരങ്ങളില്‍ സൈക്കിള്‍ പാതകളും നടപ്പാതകളും സര്‍വസാധാരണമാണ്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍