ഡോ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ ബി ഫ്രണ്ട്സ് സ്വിറ്റ്സര്‍ലന്‍ഡ് അനുശോചിച്ചു
Wednesday, July 29, 2015 5:43 AM IST
സൂറിച്ച്: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ വിയോഗത്തില്‍ സ്വിസിലെ കലാസാംസ്കാരിക സംഘടനയായ ബി ഫ്രണ്ട്സ് അനുശോചിച്ചു. ഭാരതീയ യുവത്വത്തെ സ്വപ്നം കാണാന്‍ പഠിപ്പിക്കുകയും ലോകത്തിന്റെ മുമ്പില്‍ ഇന്ത്യയുടെ സ്ഥാനം ശ്രേഷ്ഠമാക്കുക്കയും ചെയ്ത ഡോ. അബ്ദുള്‍ കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി പ്രസിഡന്റ് ടോമി തൊണ്ടാംകുഴി അംഗങ്ങള്‍ക്ക് അയച്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ അബ്ദുള്‍ കലാം ജനകീയ നയങ്ങളാല്‍ ജനങ്ങളുടെ രാഷ്ട്രപതി എന്നാണ് അറിയപ്പെട്ടിരുന്നത്. 2002-07 കാലഘട്ടത്തിലാണ് കലാം രാഷ്ട്രപതിയായി സേവനമനുഷ്ടിച്ചത്. ശാസ്ത്രജ്ഞന്‍ എന്ന നിലയിലും രാജ്യത്തിനു വിലപ്പെട്ട സംഭാവനകള്‍ അദ്ദേഹം നല്‍കി. രാഷ്ട്രപതി എന്ന നിലയില്‍ ഇന്ത്യയിലെ ജനകോടികളുടെ ഹൃദയം കവരാന്‍ അദ്ദേഹത്തിനു സാധിച്ചു. യുവാക്കള്‍ക്ക് എ.പി.ജെ. അബ്ദുള്‍ കലാം എന്ന ശാസ്ത്രജ്ഞന്‍ ഒരു പ്രചോദനവും ആവേശവും ആയിരുന്നു. അഗ്നിച്ചിറകുകള്‍ എന്ന പേരില്‍ ആത്മകഥ എഴുതി. വിഷന്‍ ഇന്ത്യ 2020 കലാമിന്റെ സ്വപ്നമായിരുന്നു. ഇന്ത്യയെ വികസിത രാഷ്ട്രമാക്കാനുള്ള പദ്ധതിയായിരുന്നു വിഷന്‍ ഇന്ത്യ 2020.

കലാമിനു തങ്ങളുടെ മനസില്‍ മരണമില്ലെന്നും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും ബി ഫ്രണ്ട്സ് സ്വിറ്റ്സര്‍ലന്‍ഡിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍