ജര്‍മന്‍ ലുഫ്ത്താന്‍സ ഗ്രൂപ്പ് പുതിയ ടിക്കറ്റ് സിസ്റ്റം ഏര്‍പ്പെടുത്തുന്നു
Tuesday, July 28, 2015 8:10 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ ലുഫ്ത്താന്‍സായും അവരുടെതന്നെ എയര്‍ലൈനുകളായ ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, സ്വിസ് എയര്‍ എന്നിവ ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ താരിഫ് സിസ്റ്റം ഏര്‍പ്പെടുത്തുന്നു. യൂറോപ്പില്‍ വിലകുറച്ച് ഫ്ളൈറ്റുകള്‍ നടത്തുന്ന എയര്‍ലൈനുകളുമായി മത്സരിക്കാനാണ് ഈ പുതിയ ടിക്കറ്റ് വില സിസ്റ്റം അവതരിപ്പിക്കുന്നത്. ഈ പുതിയ താരിഫ് സിസ്റം യൂറോപ്പിലെ ഫ്ളൈറ്റുകള്‍ക്കു മാത്രമായിട്ടുള്ളതാണ്.

1. ലൈറ്റ് താരിഫ്: 89 യൂറോ റിട്ടേണ്‍ ടിക്കറ്റ് വില. ഈ ടിക്കറ്റ് യാത്രകള്‍ക്ക് ഏഴു കിലോ ഹാന്‍ഡ് ബാഗേജ് മാത്രം കൊണ്ടു പോകാം. ടിക്കറ്റ് എടുത്തതിനു ശേഷം ഡെയിറ്റ് മാറ്റാന്‍ സാധിക്കുകയില്ല. അതുപോലെ കാന്‍സല്‍ ചെയ്താല്‍ റീഫണ്ട് കിട്ടുകയില്ല.

2. ക്ളാസിക് താരിഫ്: 129 യൂറോ റിട്ടേണ്‍ ടിക്കറ്റ് വില. ഈ ടിക്കറ്റ് യാത്രകള്‍ക്ക് 23 കിലോ ചെക് ഇന്‍ ബാഗേജ്, ഏഴു കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. ടിക്കറ്റ് എടുത്തതിനുശേഷം ഡെയിറ്റ് മാറ്റാന്‍ 65 യൂറോ കൊടുത്താല്‍ സാധിക്കും. അതുപോലെ സീറ്റ് നേരത്തേ ബുക്ക് ചെയ്യാം. ബുക്കിംഗ് കാന്‍സല്‍ ചെയ്താല്‍ റീഫണ്ട് കിട്ടുകയില്ല.

3. ഫ്ളെക്സ് താരിഫ്: 199 യൂറോ റിട്ടേണ്‍ ടിക്കറ്റ് വില. ഈ ടിക്കറ്റ് യാത്രകള്‍ക്ക് 23 കിലോ ചെക് ഇന്‍ ബാഗേജ്, ഏഴു കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. ടിക്കറ്റ് എടുത്തതിനുശേഷം ഡെയിറ്റ് മാറ്റാന്‍ പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. അതുപോലെ സീറ്റ് നേരത്തേ ബുക്കു ചെയ്യാം. ബുക്കിംഗ് കാന്‍സല്‍ ചെയ്താല്‍ ചെറിയ തുക കാന്‍സലേഷന്‍ ഫീസ് കഴിഞ്ഞുള്ള തുക റീഫണ്ട് കിട്ടും.

4. ബിസിനസ് താരിഫ്: 399 യൂറോ റിട്ടേണ്‍ ടിക്കറ്റ് വില. ഈ ടിക്കറ്റ് യാത്രകള്‍ക്ക് 23 കിലോയുടെ രണ്ട് ചെക് ഇന്‍ ബാഗേജ്, ഏഴു കിലോ ഹാന്‍ഡ് ബാഗേജ് എന്നിവ അനുവദിക്കും. ടിക്കറ്റ് എടുത്തതിനുശേഷം ഡേറ്റ് മാറ്റാന്‍ പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. ഓണ്‍ ബോര്‍ഡ് ബിസിനസ് ക്ളാസ് ഭക്ഷണവും എയര്‍പോര്‍ട്ട് ലോഞ്ചുകളും ഉപയോഗിക്കാം. നേരത്തേ ഫ്രീ ആയിട്ടുള്ള ഏത് സീറ്റും ബുക്കു ചെയ്യാം. ബുക്കിംഗ് കാന്‍സല്‍ ചെയ്താല്‍ കാന്‍സലേഷന്‍ ഫീസ് നല്‍കേണ്ടതില്ല.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍