അയര്‍ലന്‍ഡില്‍ വിശുദ്ധ പാട്രിക്കിന്റെ അനുഗ്രഹം തേടി വിശ്വാസികള്‍ മലകയറി
Monday, July 27, 2015 8:17 AM IST
ഡബ്ളിന്‍: അയര്‍ലന്‍ഡിന്റെ അപ്പസ്തോലനായ വിശുദ്ധ പാട്രിക്കിന്റെ അനുഗ്രഹം തേടി നൂറുകണക്കിനു വിശ്വാസികള്‍ ക്രോഗ് പാട്രിക് മല കയറി. മേയോ കൌണ്ടിയില്‍ വെസ്റ് പോര്‍ട്ടിനടുത്താണ് ക്രോഗ് പാട്രിക് തീര്‍ഥാടന കേന്ദ്രം. ഇത്തവണ പ്രതികൂലകാലാവസ്ഥയായതിനാല്‍ മലകയറ്റം അധികൃതര്‍ വിലക്കിയിരിക്കുകയായിരുന്നു. ഇതിനെ അവഗണിച്ചാണു വിശ്വാസികള്‍ മല കയറാനെത്തിയത്.

എഡി 441ല്‍ വിശുദ്ധ പാട്രിക് ഈ മല മുകളില്‍ 40 ദിവസം ഉപവാസമനുഷ്ഠിച്ച് പ്രാര്‍ഥനയില്‍ മുഴുകി. നാല്‍പ്പതാം ദിവസം മലമുകളില്‍നിന്നു വിശുദ്ധന്‍ ഒരു മണി താഴേക്കെറിഞ്ഞതിനെത്തുടര്‍ന്നു രാജ്യത്തുനിന്നു പാമ്പുകളും ഇഴജാതികളും അപ്രത്യക്ഷമായെന്നാണു വിശ്വാസം. ഇതോടെ ലോകത്ത് പാമ്പുകളില്ലാത്ത രാജ്യമായി അയര്‍ലന്‍ഡ് മാറി. 1905 ല്‍ ഇവിടെ നിര്‍മിച്ച ചാപ്പലാണ് പില്‍ക്കാലത്ത് പ്രമുഖ തീര്‍ഥാടനകേന്ദ്രമായി മാറിയത്. പലരും നഗ്നപാദരായാണു മല കയറിയത്.

പ്രതികൂലകാലാവസ്ഥയെത്തുടര്‍ന്ന് തൊട്ടടുത്ത് ലീകാന്‍വി സെന്റ് പാട്രിക് ദേവാലയത്തിലാണു തീര്‍ഥാടന ശുശ്രൂഷകള്‍ നടന്നത്. റ്റുയാം ആര്‍ച്ച് ബിഷപ് മാര്‍ മൈക്കിള്‍ നിയറി മുഖ്യകാര്‍മികത്വം വഹിച്ചു. 20 വൈദികര്‍ സഹകാര്‍മികരായിരുന്നു. ജൂലൈ അവസാന ഞായറാഴ്ചയാണു തീര്‍ഥാടകര്‍ ഇവിടെ മലകയറ്റം നടത്തുന്നത്.

റിപ്പോര്‍ട്ട് :ജയ്സണ്‍ കിഴക്കയില്‍