ഭക്തിയുടെ നിറവില്‍ ജര്‍മനിയില്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
Saturday, July 25, 2015 8:39 AM IST
കൊളോണ്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും മുപ്പത്തിയഞ്ചാമത് ഇടവക ദിനവും പൂര്‍വാധികം ഭംഗിയോടെ ആഘോഷിച്ചു.

കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൌവന്‍ ദേവാലയത്തില്‍ ശനി വൈകുന്നേരം അഞ്ചിന് ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ കാര്‍മികത്വത്തില്‍ ലദീഞ്ഞ്, നൊവേന എന്നിവയ്ക്കുശേഷം കൊടിയേറ്റിയതോടെ രണ്ടുദിന ആഘോഷ പരിപാടികള്‍ക്കു തുടക്കം കുറിച്ചു. നടപ്പുവര്‍ഷത്തെ പ്രസുദേന്തിയായ ജോസ് മറ്റത്തിലിന്റെ നേതൃത്വത്തില്‍ കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെയും സമൂഹത്തിന്റെയും അകമ്പടിയോടെ പള്ളിയില്‍ നിന്നും പ്രദക്ഷിണമായി എത്തിയാണ് ഫാ. ഇഗ്നേഷ്യസ് കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചത്.

ഞായര്‍ രാവിലെ 10ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യകാര്‍മികനായി നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ജര്‍മന്‍ ഇടവക വികാരി ഫാ. ക്രിസ്റ്യാന്‍ വൈന്‍ഹാഗ്, ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.തോമസ് വടക്കേമുറിയില്‍, ഫാ.ജേക്കബ് ആലയ്ക്കല്‍ സിഎംഐ, ഫാ.ജോമോന്‍ മുളയരിക്കല്‍, ഫാ.പയസ് എന്നീ വൈദികര്‍ക്കൊപ്പം ഡീക്കന്‍ ഹാന്‍സ് ഗ്രേവല്‍ഡിംഗും സഹകാര്‍മികരായി. കൊളോണ്‍ അതിരൂപത വിദേശവിഭാഗം തലവന്‍ ഡീക്കന്‍ ഹാന്‍സ് ഗ്രേവല്‍ഡിംഗ് തിരുനാള്‍ സന്ദേശം നല്‍കി. ഇന്ത്യന്‍ സമൂഹത്തിന്റെ അനന്തമായ വിശ്വാസക്കൂട്ടായമയുടെ ഒരുമയും പ്രവര്‍ത്തനവും വിശ്വാസ ജീവിതത്തിന്റെ നല്ലൊരു സന്ദേശമായി പ്രതിഫലിക്കുന്നുണ്ടെന്ന് ഗ്രേവല്‍ഡിംഗ് പറഞ്ഞു. അതുകൊണ്ടുതന്നെ ജര്‍മന്‍കാരും ജര്‍മന്‍ ഇടവകയും കൂടുതലായി വിശ്വാസഘോഷകരാവാന്‍ പ്രചോതിരാവുന്നുണ്ടെന്നുള്ള കാര്യം വിസ്മരിക്കാനാവില്ലന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്റ് തോമസില്‍ നിന്നും പകര്‍ന്നു കിട്ടിയ വിശ്വാസദീപം കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി കൂടുതല്‍ പ്രഭയോടെ കാത്തുസൂക്ഷിക്കുന്നതിന്റെ സാക്ഷ്യമാണ് മാതാവിന്റെ തിരുനാളാഘോഷമെന്നും അതേറ്റം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പലതവണ കേരളത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള ഗ്രേവല്‍ഡിംഗ് കൊളോണ്‍ മലയാളികള്‍ക്ക് ഏറെ സൌഹൃദമുള്ള വ്യക്തിയാണ്. ഈ വര്‍ഷം ജോലിയില്‍ നിന്നും വിരമിക്കുന്ന ഗ്രേവല്‍ഡിംഗിനെ ദിവ്യബലിക്കിടെ ആദരിച്ചു. കമ്യൂണിറ്റി കോഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി ബൊക്ക നല്‍കുകയും വിശ്രമജീവിതത്തിനായി പ്രാര്‍ഥനാംശംസകളും നേര്‍ന്നു.

കമ്യൂണിറ്റിയുടെ ഭാഗമായ യുവജനഗായക സംഘം ആലപിച്ച ഗാനങ്ങള്‍ ദിവ്യബലിയെ ഭക്തിയുടെ ചൈതന്യത്തില്‍ സജീവമാക്കി. പ്രസുദേന്തി വാഴ്ചയില്‍ ഈ വര്‍ഷത്തെ പ്രസുദേന്തിക്കൊപ്പം അടുത്ത വര്‍ഷത്തെ പ്രസുദേന്തിയായ ടോമി തടത്തിലിനെ പുഷ്പമുടിയണിയിച്ച് കത്തിച്ച മെഴുകുതിരിയും നല്‍കി ആശീര്‍വദിച്ചു. ജിം ജോര്‍ജ്, റിയ ജോര്‍ജ്, ജോയല്‍ കുമ്പിളുവേലില്‍, ഡാനി ചാലായില്‍, വിവിയന്‍ അട്ടിപ്പേറ്റി, നോയല്‍ കോയിക്കേരില്‍, നിധിന്‍ എന്നിവര്‍ ദിവ്യബലിയില്‍ ശുശ്രൂഷകരായിരുന്നു.

തുടര്‍ന്നു മാതാവിന്റെ തിരുസ്വരൂപവും വഹിച്ചു നടന്ന പ്രദക്ഷിണത്തില്‍ ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിശ്വാസികള്‍ പങ്കെടുത്തത് മാതാവിനോടുള്ള ഭയഭക്തി വിശ്വാസ ബഹുമാനങ്ങള്‍ വിളിച്ചോതുന്നവയായിരുന്നു. ജോണ്‍ പുത്തന്‍വീട്ടില്‍ നേതൃത്വം നല്‍കി. കൊളോണിലെ 12 പേരടങ്ങുന്ന കലാകാരന്മാര്‍ നടത്തിയ ശിങ്കാരിമേളം പ്രദക്ഷിണത്തിനു അകമ്പടിയായെത്തി. ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സമാപനാശീവാദം നല്‍കി. തുടര്‍ന്നു നേര്‍ച്ച വിളമ്പിനു ശേഷം സമൂഹവിരുന്നും നടന്നു.

ഉച്ചകഴിഞ്ഞ് 2.30നു ദേവാലയ അങ്കണത്തില്‍ നടന്ന സമാപന സമ്മേളനം ഇഷാനി മരിയ ചിറയത്ത് ആലപിച്ച പ്രാര്‍ഥനാ ഗാനത്തോടുകൂടി ആരംഭിച്ചു. ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ സ്വാഗതം ആശംസിച്ചു. മാര്‍ വര്‍ഗീസ് ചക്കാലയ്ക്കല്‍, ഫാ ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, മുന്‍ ചാപ്ളെയിന്‍ ഫാ. ജറോം ചെറുശേരി സിഎംഐ, പ്രസുദേന്തി കുടുംബങ്ങളായ ജോസ്-അച്ചാമ്മ മറ്റത്തില്‍, ടോമി-ഫിലോ തടത്തില്‍ എന്നിവര്‍ ചേര്‍ന്നു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, ഫാ.ജെറോം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

തുടര്‍ന്നു വൈവിധ്യമാര്‍ന്ന കലാപരിപാടികളില്‍ മലയാളി സമൂഹത്തിലെ രണ്ടാം തലമുറക്കാരായ നിക്കോള്‍ കാരുവള്ളില്‍, പേര്‍ലി മലയില്‍, മാളവിക പ്രേം എന്നിവര്‍ അവതരിപ്പിച്ച ശാസ്ത്രീയ നൃത്തം, റിയ തടത്തിലിന്റെ ബോളിവുഡ് നൃത്തം, കൊളോണിലെ യംഗ് ഫാമിലി അണിയിച്ചൊരുക്കിയ കൊച്ചു കുട്ടികളുടെ വള്ളംകളി, നവീന, ലെയ പാലത്തിങ്കല്‍, റിനീറ്റ ഡേവീസ്, അലീസ കോയിക്കര, നേഹ കോയിക്കേരില്‍ എന്നിവരുടെ സിനിമാറ്റിക് ഡാന്‍സ്, വിവിയന്‍ അട്ടിപ്പേറ്റി, നോയല്‍ കോയിക്കേരില്‍ എന്നിവരുടെ ഗാനാലാപനം, ഗെസാംഗ് ഗ്രൂപ്പിന്റെ സംഘഗാനം, ഗ്ളെന്‍സന്‍ മൂത്തേടന്‍, ഡെന്നി കരിമ്പില്‍ എന്നിവരുടെ ഹാസ്യ സ്കിറ്റ് തുടങ്ങിയ പരിപാടികള്‍ തിരുനാളാഘോഷത്തിനു മാറ്റുകൂട്ടി. നവീന്‍ അരീക്കാട്ട് പരിപാടികളുടെ അവതാരകയായിരുന്നു.

എമിരേറ്റ്സ് എയര്‍വേയ്സിന്റെ ജര്‍മനിയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള ഒരു ടു ആന്‍ഡ് ഫ്രോ എയര്‍ടിക്കറ്റ് ഉള്‍പ്പടെ ആകര്‍ഷകങ്ങളായ 10 സമ്മാനങ്ങളോടുകൂടിയ ലോട്ടറിയുടെ നറുക്കെടുപ്പും നടത്തി. ജര്‍മനിയിലെ ട്രാവല്‍ ഏജന്‍സിയായ കൊളോണിലെ സുമ ട്രാവല്‍സ് സ്പോണ്‍സര്‍ ചെയ്ത ഒന്നാം സമ്മാനമായ എയര്‍ ടിക്കറ്റ് എംഡി തോമസ് പഴമണ്ണില്‍ സമ്മേളനത്തില്‍ കൈമാറി. ലോട്ടറിയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ ഫാ.തോമസ് വടക്കേമുറിയില്‍ വിതരണം ചെയ്തു.

കണ്ണൂര്‍, പേരാവൂര്‍ സ്വദേശി മറ്റത്തില്‍ ജോസിന്റെ കുടുംബമായിരുന്നു നടപ്പു വര്‍ഷത്തെ പ്രസുദേന്തി. ഭാര്യ അച്ചാമ്മ, മക്കളായ അനിജ, അജിന എന്നിവരുടെയും തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി രൂപീകരിച്ച 19 കമ്മറ്റികളിലായി നൂറ്റിമുപ്പതിലേറെ വരുന്ന കമ്മിറ്റിയംഗങ്ങള്‍ക്കു പുറമേ കമ്യൂണിറ്റിയുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി, കമ്മിറ്റിയംഗങ്ങളായ മേഴ്സി തടത്തില്‍ (സെക്രട്ടറി), ആന്റണി സഖറിയ, ഷീബ കല്ലറയ്ക്കല്‍, എല്‍സി വേലൂക്കാരന്‍, സാബു കോയിക്കേരില്‍, ബെന്നിച്ചന്‍ കോലത്ത്, ജോസ് കുറുമുണ്ടയില്‍, ബേബി നെടുംങ്കല്ലേല്‍ എന്നിവരുടെ അകമഴിഞ്ഞ ഒത്തൊരുമയും പ്രവര്‍ത്തനവും തിരുനാളിന്റെ വിജയത്തിനു മുതല്‍ക്കൂട്ടായി. നിശ്ചല ദൃശ്യങ്ങള്‍ ആന്റണി കുറുന്തോട്ടത്തില്‍, ജോസ് കുമ്പിളുവേലില്‍ എന്നിവരും ചലന ദൃശ്യങ്ങള്‍ ജെന്‍സ് കുമ്പിളുവേലിലും കൈകാര്യം ചെയ്തു.

കൊളോണ്‍ കര്‍ദ്ദിനാളിന്റെ കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1969 ലാണ് ആരംഭിച്ചത്.ഏതാണ്ട് എഴുനൂറ്റിയന്‍പതിലേറെ കുടുംബങ്ങള്‍ കമ്യൂണിറ്റിയില്‍ അംഗങ്ങളായുണ്ട്. ജര്‍മനിയിലെ കൊളോണ്‍ എസന്‍, ആഹന്‍ എന്നീ രൂപതകളിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി. കഴിഞ്ഞ പതിനാലു വര്‍ഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സി.എംഐ കമ്യൂണിറ്റി ചാപ്ളെയിനായി സേവനം ചെയ്യുന്നു.

തിരുനാളിന്റെ പങ്കെടുത്തവര്‍ക്കും വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചവര്‍ക്കും ജോസ് മറ്റത്തില്‍ നന്ദി പറഞ്ഞു. നിയുക്ത പ്രസുദേന്തി ടോമി തടത്തില്‍ വരുംവര്‍ഷത്തെ തിരുനാളിനു എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിച്ചു. തുടര്‍ന്നു ഇഗ്നേഷ്യസച്ചന്‍ കൊടിയിറക്കിയതോടെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ മുപ്പത്തിയഞ്ചാം തിരുനാളിനു സമാപനമായി.

2016 ലെ പെരുനാള്‍ ജൂണ്‍ 25,26 തീയതികളില്‍ നടക്കുമെന്ന് ഫാ. ഇഗ്നേഷ്യസ് അറിയിച്ചു.