മനസുകളില്‍നിന്നു മാറാതെ ബര്‍ലിന്‍ മതില്‍
Friday, July 24, 2015 8:12 AM IST
ബര്‍ലിന്‍: ബര്‍ലിന്‍ മതില്‍ പൊളിച്ച് പൂര്‍വ ജര്‍മനിയും പശ്ചിമ ജര്‍മനിയും പുനരേകീകരിക്കപ്പെട്ട് 25 വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നാല്‍, മതില്‍ പൊളിച്ചുമാറ്റപ്പെട്ടത് ഭൌതികമായി മാത്രമാണെന്നും ഇരു ജര്‍മനികളുടെയും മനസുകള്‍ക്കിടയില്‍ ഇന്നും ഉയരത്തില്‍ത്തന്നെ പഴയ വിഭജനം നിലകൊള്ളുന്നുവെന്നുമാണു പല പഠനങ്ങളിലും വ്യക്തമാകുന്നത്.

പശ്ചിമ-പൂര്‍വ ദേശങ്ങള്‍ തമ്മില്‍ സമ്പത്തിന്റെ കാര്യത്തിലും തൊഴില്‍ വൈദഗ്ധ്യത്തിന്റെ കാര്യത്തിലും സ്ത്രീ-പുരുഷ അനുപാതത്തിന്റെ കാര്യത്തിലും വളരെ വലിയ വൈജാത്യങ്ങളാണ് ഇന്നും നിലനില്‍ക്കുന്നത്.

40 വര്‍ഷം നീണ്ട വിഭജിത ചരിത്രത്തിനൊടുവില്‍ ജര്‍മന്‍ പുനരേകീകരണം സാധ്യമായതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ഒക്ടോബര്‍ മൂന്നിനാണ്. ഇപ്പോഴും നിലനില്‍ക്കുന്ന വൈജാത്യങ്ങള്‍ അമ്പരപ്പിക്കുന്നതാണെന്ന് ഇതെക്കുറിച്ചു പഠനം നടത്തിയ ബര്‍ലിന്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്റെ ഡയറക്ടര്‍ റീനര്‍ ക്ളിങ്ഹോള്‍സ്.

വ്യത്യാസങ്ങള്‍ തുടരുന്നു എന്നു മാത്രമല്ല, അമ്പതു ശതമാനം ജര്‍മനിക്കാരും ഇത് അംഗീകരിക്കുകയും ചെയ്യുന്നുവെന്നാണ് പഠനത്തിന്റെ ഭാഗമായി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. പടിഞ്ഞാറന്‍മാരുടെ ധാര്‍ഷ്ട്യത്തെക്കുറിച്ചാണ് സര്‍വേയില്‍ കിഴക്കന്‍മാര്‍ പരാതി പറഞ്ഞത്. കിഴക്കന്‍മാര്‍ ആര്‍ത്തിക്കാരാണെന്ന് പടിഞ്ഞാറന്‍മാരും പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍