സ്വിറ്റ്സര്‍ലന്‍ഡില്‍ സൈക്കിള്‍ യാത്രക്കാരി മാനഭംഗത്തിനിരയായി
Friday, July 24, 2015 5:52 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡില്‍ 26 കാരിയായ സൈക്കിള്‍ യാത്രക്കാരി ക്രൂരമായ മാനഭംഗത്തിനിരയായി. ചൊവ്വാഴ്ച വൈകുന്നേരം ലുറ്റ്സേണ്‍ ജില്ലയിലെ എമ്മനിലാണ് സംഭവം നടന്നത്. മാരകമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടില്ല.

സ്വിറ്റ്സര്‍ലന്‍ഡില്‍ വേനല്‍ കാലത്ത് സായംകാല സവാരികളും സൈക്കിള്‍ യാത്രകളും സര്‍വസാധാരണമാണ്. അപ്രതീക്ഷിതമായി സൈക്കിള്‍ യാത്രക്കാരിയുടെ പിന്നില്‍നിന്ന് ആക്രമിച്ച യുവാവ് യുവതിയെ പുഴയരികെയുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി മാനഭംഗം ചെയ്യുകയായിരുന്നു. അതുവഴി വന്ന കാല്‍നടക്കാരിയായ മറ്റൊരു സ്ത്രീ ആണ് യുവതിയുടെ രോദനം കേട്ട് ഉടന്‍ പോലീസില്‍ വിവരം അറിയിച്ചത്.

പ്രതിയെ പിടികൂടാനായില്ല. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടതില്‍നിന്നും മറ്റു യൂറോപ്യന്‍ രാജ്യത്തില്‍നിന്നുള്ള വെള്ളക്കാരനാണു പ്രതിയെന്ന് ഊഹിക്കുന്നു. മെലിഞ്ഞ ശരീരപ്രകൃതി 1.70 നും 1.80 മീറ്ററിനും ഇടയില്‍ ഉയരം, വെള്ളക്കാരന്‍ എന്നാല്‍, സ്വദേശഭാഷയായ ജര്‍മന്‍ ഭാഷ വശമില്ല.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍