ഓസ്ട്രിയയില്‍ സമ്പൂര്‍ണ പുകവലി നിരോധനം
Friday, July 24, 2015 5:42 AM IST
വിയന്ന: ഓസ്ട്രിയയില്‍ സമ്പൂര്‍ണ പുകവലി നിരോധനം 2018 മേയ് ഒന്നു മുതല്‍ നിലവില്‍ വരും. പുതിയ നിയമമനുസരിച്ച് റസ്ററന്റുകളിലും ഹോട്ടലുകളിലും ഗസ്റ്ഹൌസുകളിലും ഡിസ്ക്കോകളിലും പുകവലി നിരോധിക്കും. ഓസ്ട്രിയന്‍ പാര്‍ലമെന്റ് അംഗീകരിച്ച നിയമമനുസരിച്ച് റസ്ററന്റുകളിലോ, കഫറ്റേരിയകളിലോ, ഡിസ്കോതെക്കുകളിലോ മറ്റും പുകവലിച്ചാല്‍ പുകവലിക്കാരനു നൂറു യൂറോ പിഴയും സ്ഥാപന ഉടമയ്ക്ക് 2000 യൂറോയുടെ പിഴ ശിക്ഷയും ലഭിക്കും.

നിരോധനം ഹുക്ക വലിക്കുന്നവര്‍ക്കും സിഗരറ്റ് വലിക്കുന്നവര്‍ക്കും ബാധകമായിരിക്കും. ഹോട്ടലുകള്‍ക്കു മാത്രമേ ചെറിയ ഇളവു നല്‍കിയിട്ടുള്ളൂ. ഹോട്ടലുകളില്‍ പ്രത്യേകം വേര്‍തിരിച്ച മുറികളില്‍ പുകവലി അനുവദിക്കും. എന്നാല്‍ ഈ മുറികളില്‍ ഭക്ഷണമോ, പാനീയങ്ങളോ കൊടുക്കുവാന്‍ പാടില്ല. ഇലക്ട്രോണിക് സിഗരറ്റുകള്‍ വലിക്കുന്നതും പുതിയ നിയമംമൂലം നിരോധിച്ചിരിക്കുന്നു.

എന്നാല്‍ പുതിയ പുകവലി നിരോധന നിയമത്തിനെതിരെ പ്രതിപക്ഷവും ഹോട്ടലുടമകളും പ്രതിഷേധവുമായി രംഗത്തെത്തി. മുറിക്കകത്തു പുകവലി നിരോധിച്ചാല്‍ ഗാര്‍ഡനുകളില്‍ പുകവലിക്കാരും അല്ലാത്തവരും തമ്മിലുള്ള സഘര്‍ഷത്തിനിടയാക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഓസ്ട്രിയയിലെ ചെറുപ്പക്കാരില്‍ 29 വയസില്‍ താഴെയുള്ളവരില്‍ 40 ശതമാനവും പുകവലിക്കുന്നവരാണ്. ആദ്യമായി പുകവലി ആരംഭിക്കുന്നവരിലധികവും 10നും 14നും ഇടയിലുള്ളവരും ഓരോ വര്‍ഷവും ഓസ്ട്രിയയില്‍ 15,000 പേര്‍ വീതം പുകവലി മൂലമുള്ള അസുഖങ്ങളാല്‍ മരിക്കുന്നുണ്ട്.

2018 ഓടുകൂടി ഓസ്ട്രിയയില്‍ പുകവലി നിരോധനം നിലവില്‍ വരുമെങ്കിലും യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങളിലും പൊതു സ്ഥലങ്ങളില്‍ പുകവലി നിര്‍ബാധം തുടരും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍