സ്വിറ്റ്സര്‍ലന്‍ഡില്‍ സൂര്യതാപം ഏറ്റ് ബാലിക കാറിനുള്ളില്‍ മരിച്ചു
Wednesday, July 22, 2015 7:54 AM IST
സൂറിച്ച്: മാതാവിനോടൊപ്പം അവധി ആഘോഷിക്കാനെത്തിയ ബാലിക കാറിനുള്ളില്‍ അത്യുഷ്ണമേറ്റു മരിച്ചു. ചൊവ്വാഴ്ച ടെസിന്‍ ജില്ലയിലെ ക്യംപിംഗ് കേന്ദ്രത്തിലാണ് അതി ദാരുണമായ സംഭവം നടന്നത്.

ടിസിഎസ് സാധാരണക്കാര്‍ക്കായി നടത്തുന്ന ക്യംപിംഗ് കേന്ദ്രത്തില്‍ വേനലവധിക്ക് വന്നതായിരുന്നു തുര്‍ഗാവ് ജില്ലയില്‍ നിന്നുള്ള അമ്മയും മകളും. അമ്മയുടെ കൂടെ അമ്മയുടെ സഹോദരിമാരും ഉണ്ടായിരുന്നു. കുട്ടിയെ കാറില്‍ തനിച്ചാക്കി സാധന സമഗ്രഹികള്‍ ഇറക്കി വച്ച് മാതാവ് തിരികെ എത്തിയപ്പോഴേക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു.

ചൊവ്വാഴ്ച ടെസിനില്‍ 34 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. കാറിലെ എയര്‍ കണ്ടീഷന്‍ ഓഫ് ആകുന്നതോടെ ഉള്ളിലെ ഊഷ്മാവ് വര്‍ധിച്ചതാണ് അപകടകാരണമെന്ന് വിദഗ്ധര്‍ പറയുന്നു. 40 ഡിഗ്രിക്കു മുകളിലുള്ള താപം ജീവഹാനി ഉണ്ടാക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സ്വിറ്റ്സര്‍ലന്‍ഡിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ അത്യുഷ്ണം പിടി മുറിക്കിയിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍