ജര്‍മനിയില്‍ എത്തുന്ന വിദഗ്ധരായ അഭയാര്‍ഥികള്‍ക്ക് ബ്ളൂ കാര്‍ഡ്
Monday, July 20, 2015 8:12 AM IST
ബെര്‍ലിന്‍: ജര്‍മനിയില്‍ എത്തുന്ന ഉന്നത വിദ്യാഭ്യാസവും വിദഗ്ധ പരിശീലനവുള്ള അഭയാര്‍ഥികള്‍ക്ക് ബ്ളൂ കാര്‍ഡ് നല്‍കി നിയമാനുസൃത വീസ നല്‍കാന്‍ ജര്‍മന്‍ തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സി ആവശ്യപ്പെട്ടു.

ഇപ്പോള്‍ ജര്‍മനിയില്‍ എത്തുന്ന അഭയാര്‍ഥികളില്‍ 28 ശതമാനം ഉന്നത വിദ്യാഭ്യാസവും വിദഗ്ധ പരിശീലനവും ഉള്ളവരാണെന്നും ഇവര്‍ക്ക് ബ്ളൂ കാര്‍ഡ് നല്‍കി ജര്‍മന്‍ കമ്പനികളില്‍ നിയമനം നല്‍കി അവരുടെ ദുരവസ്ഥ പരിഹരിക്കണമെന്നും ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സി പ്രസിഡന്റ് റെയ്മുണ്ട് ബെക്കര്‍ ആവശ്യപ്പെട്ടു.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പുറത്തു നിന്നുമുള്ള ഉന്നത വിദ്യാഭ്യാസവും വിദഗ്ധ പരിശീലനവുമുള്ളവര്‍ക്കു ബ്ളൂ കാര്‍ഡ് സമ്പ്രദായത്തില്‍ ജോലി സാധ്യത നല്‍കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആഭ്യന്തര-നീതിന്യായ വകുപ്പ് കമ്മീഷണര്‍ ഫ്രാങ്കോ ഫ്രറ്റീനി കഴിഞ്ഞയാഴ്ച്ച ബ്രസല്‍സില്‍ ആവശ്യപ്പെട്ടിരുന്നു. ബ്ളൂ കാര്‍ഡ് വ്യവസ്ഥയില്‍ ഉന്നത വിദ്യാഭാസമുള്ള ഡോക്ടര്‍മാര്‍, വിവരസാങ്കേതിക മേഖലയിലുള്ളവര്‍, ഗവേഷണ മേഖലയിലുള്ളവര്‍, സയന്റിസ്റുകള്‍ എന്നിവര്‍ക്കാണ് ജോലി സാധ്യത. ബ്ളൂ കാര്‍ഡ് വ്യവസ്ഥയില്‍ 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിനും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനെയും സ്വന്തം കുട്ടികളെയും കൊണ്ടുവരുന്നതിനും ഉദാര വ്യവസ്ഥകളാണുള്ളത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍