മാര്‍ ആന്‍ഡ്രൂസ് താഴത്തിനു ലണ്ടന്‍ ഹീത്രൂവില്‍ ഊഷ്മള വരവേല്‍പ്പ്
Friday, July 17, 2015 5:18 AM IST
ലണ്ടന്‍: യുകെ സന്ദര്‍ശനത്തിനെത്തിയ തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പു നല്‍കി.

യുകെ സീറോ മലബാര്‍ കോ-ഓര്‍ഡിനേറ്റര്‍ റവ.ഡോ. തോമസ് പാറയടിയില്‍ ബൊക്ക നല്‍കി മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ സ്വീകരിച്ചു. ആര്‍ച്ച്ബിഷപ്പിന്റെ യുകെ സന്ദര്‍ശന പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും രൂപതാംഗവുമായ ഈസ്റ് ആംഗ്ളിയ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. ടെറിന്‍ മുള്ളക്കര, ബ്രെന്‍ഡ്വുഡ് സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ.ജോസ് അന്ത്യാംകുളം, തൃശൂര്‍ ജില്ലാ സംഗമ കോഓര്‍ഡിനേറ്റര്‍ ജീസണ്‍ കടവി, ഇപ്സ്വിച്ച് മാസ് സെന്ററിന്റെ ട്രസ്റി അഡ്വ. ജിജോ പിണക്കാട്ട്, എഡ്വിന്‍ ജീസണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈസ്റ് ഹാമില്‍ തൃശൂര്‍ ജില്ലാ സംഗമത്തിനുവേണ്ടി ജീസണ്‍ കടവി ആന്‍ഡ്രൂസ് പിതാവിനു ബൊക്കെ നല്‍കി സ്വീകരിച്ചു.

യൂറോപ്പില്‍ അജപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന രൂപതാംഗങ്ങളായ വൈദികരെ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ലണ്ടനിലെത്തിയത്.

വെള്ളി ലണ്ടനിലെ ഈസ്റ്ഹാമില്‍ (അപ്റ്റന്‍ പാര്‍ക്കില്‍) മാര്‍ ആന്‍ഡ്രൂസ് താഴത്ത് ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്‍കും. 18നു (ശനി) ഈസ്റ് ആംഗ്ളിയായിലെ നോര്‍വിച്ച് ഹോളി അപ്പോസ്റലസ് ദേവാലയത്തില്‍ വൈകുന്നേരം അഞ്ചിനു നടക്കുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ആഘോഷമായ തിരുനാളില്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കും. ഫാ. ടെറിന്‍ മുള്ളക്കര സഹകാര്‍മികനായിരിക്കും.

19 നു (ഞായര്‍) യുകെയില്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും വലിയ ആഘോഷമായ വാല്‍സിംഗ്ഹാം തീര്‍ഥാടനത്തിലെ തിരുക്കര്‍മ്മങ്ങളില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് കാര്‍മികത്വം വഹിക്കും.

22 നു (ബുധന്‍) ഈസ്റ് ആംഗ്ളിയായിലെ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രമായ ഇപ്സ്വിച്ച് സെന്റ് മേരീസ് ദേവാലയത്തില്‍ വൈകുന്നേരം ആറിനു നടക്കുന്ന ദിവ്യബലിയില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യ കാര്‍മികത്വം വഹിക്കും.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ