നാലാമത് യുക്മ ദേശിയ കായികമേള ജൂലൈ 18ന്
Friday, July 17, 2015 5:15 AM IST
ബര്‍മിംഗ്ഹാം: നാലാമത് യുക്മ ദേശിയ കായിക മത്സരം ജൂലൈ 18നു (ശനി) ബര്‍മിംഗ്ഹാമിനടുത്ത് സട്ടന്‍ കോള്‍ഡ്ഫീല്‍ഡില്‍ നടക്കും. യുകെ മലയാളികളുടെ കായിക മാമാങ്കത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി യുക്മ ദേശിയ സ്പോര്‍ട്സ് കോഓര്‍ഡിനേറ്ററും ദേശിയ ജോയിന്റ് സെക്രട്ടറിയുമായ ബിജു തോമസ് പന്നിവേലില്‍, യുക്മ റീജണല്‍ ഉപാധ്യക്ഷനും എര്‍ഡിംഗ്ടണ്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റുമായ എബി ജോസഫ് എന്നിവര്‍ അറിയിച്ചു. തുടര്‍ച്ചയായ നാലാം തവണ ആണ് മിഡ് ലാന്‍ഡ്സ് റീജണ്‍ കായിക മേളയ്ക്കു വേദി ഒരുക്കുന്നത്.

റീജണല്‍ മത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കാണു നാഷണല്‍ കായികമേളയില്‍ മത്സരിക്കാന്‍ അവസരം.

രാവിലെ 10നു രജിസ്ട്രേഷന്‍ ആരംഭിക്കും. എല്ലാ വിജയികള്‍ക്കും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി ആദരിക്കും. ഇതിനു പുറമേ ഏറ്റവും മികച്ച റീജണിനു പ്രിന്‍സ് ആല്‍ബിന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും വടംവലി മത്സരത്തിലെ വിജയികള്‍ക്ക് തോമസ് പുന്നമൂട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കുന്നതോടൊപ്പം ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനും എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും.

എല്ലാ കായിക പ്രേമികളേയും മിഡ്ലാന്‍ഡ്സിലേക്ക് സ്വാഗതം ചെയ്യുന്നതായി മിഡ്ലാന്‍ഡ്സ് റീജണിന്റെ പ്രസിഡന്റ് ജയകുമാര്‍ നായര്‍, വൈസ് പ്രസിഡന്റ് എബി ജോസഫ്, സെക്രട്ടറി ഡിക്സ് ജോര്‍ജ്, ട്രഷറര്‍ സുരേഷ്കുമാര്‍, റീജണല്‍ സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റര്‍ പോള്‍ ജോസഫ് തുടങ്ങിയവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയിംസ് ജോസഫ്