ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ജന്മദിനവും കാതോലിക്ക സ്ഥാനാരോഹണ വാര്‍ഷികവും ആഘോഷിച്ചു
Thursday, July 16, 2015 5:20 AM IST
ലണ്ടന്‍: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യാക്കോബ് ബുര്‍ദാനയും കിഴക്കിന്റ കാതോലിക്കയുമായ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ മാഞ്ചസ്റര്‍ ഇടവക സന്ദര്‍ശനവേളയില്‍ ബാവയുടെ കാതോലിക്ക സ്ഥാനാരോഹണത്തിന്റെ പതിമൂന്നാമത് വാര്‍ഷികവും ബാവയുടെ 87-ാമത് ജന്മദിനവും റീജണിലെ മാഞ്ചസ്റര്‍ ഇടവകയില്‍ യുകെ റീജണല്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു.

ഞായറാഴ്ച രാവിലെ മാഞ്ചസ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയിലെത്തിയ ശ്രേഷ്ഠ ബാവയെ യുകെ റീജണല്‍ കൌണ്‍സില്‍ സെക്രട്ടറി ഫാ. ഗീവര്‍ഗീസ് തണ്ടായത്തിന്റെയും സഹവികാരി ഫാ. എല്‍ദോസ് വട്ടപറമ്പിലിന്റെയും നേതൃത്വത്തില്‍ സ്വീകരിച്ചു. ചടങ്ങില്‍ ഫാ. എല്‍ദോസ് കൌങ്ങിന്‍പള്ളി, ഇടവകാംഗം ഫാ. പീറ്റര്‍ കുര്യാക്കോസ്, നാട്ടില്‍ നിന്നും ബാവയെ അനുഗമിക്കുന്ന ഫാ. ഷാനു, ഡീക്കന്‍ തോമസ്, യുകെ റീജണല്‍ കൌണ്‍സില്‍ അംഗങ്ങളും മാഞ്ചസ്റര്‍ ഇടവകയിലെ എല്ലാ അംഗങ്ങളും സഭയുടെ നോര്‍ത്ത്വെസ്റ് മേഖലയിലുള്ള ഇടവകകളായ ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവക പ്രസ്റണ്‍ സെന്റ് മേരീസ് യാക്കോബായ ഇടവക, നോര്‍ത്താംപ്ടണ്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവക, ലീഡ്സ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഇടവക, ബര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഇടവകകളിലെയും അംഗങ്ങള്‍ പങ്കെടുത്തു

തുടര്‍ന്നു നടന്ന പ്രഭാതപ്രാര്‍ഥനയിലും വിശുദ്ധ കുര്‍ബാനയിലും പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള മധ്യസ്ഥ പ്രാര്‍ഥനയും ശ്രേഷ്ഠ ബാവയുടെ കാര്‍മികത്വത്തില്‍ നടന്നു.

വിശുദ്ധ കുര്‍ബാനാന്തരം നടന്ന പ്രത്യേക സമ്മേളനത്തില്‍ യുകെ റീജണല്‍ കൌണ്‍സില്‍ സെക്രട്ടറി ഫാ. ഗീവര്‍ഗീസ് തണ്ടായത്ത് സ്വാഗതം ആശംസിച്ചു. ശ്രേഷ്ഠ ബാവയുടെ ശുശ്രൂഷാ കാലഘട്ടത്തെ പ്രകീര്‍ത്തിച്ച് സംസാരിക്കുകയും ചെയ്തു. മറുപടി പ്രസംഗത്തില്‍ ബാവ, യുകെ-മലങ്കര ബന്ധത്തിന്റെ ആഴവും അതു കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അതുവഴി അന്ത്യോഖ്യാ- മലങ്കര ബന്ധം പരിപാലിക്കപ്പെടുവാനും വിശ്വാസവും ചരിത്രവും സംരക്ഷിക്കുവാനും വരും തലമുറകളില്‍ അതു പകരാനും ബാവ വിശ്വാസികളെ ആഹ്വാനം ചെയ്തു. തുടര്‍ന്നു പ്രത്യേകം തയാറാക്കിയ കേക്കു മുറിച്ച് ജന്മദിനവും സ്ഥാനാരോഹണത്തിന്റെ വാര്‍ഷികവും ആഘോഷിച്ചു. റീജണല്‍ കൌണ്‍സില്‍ പ്രതിനിധികളും ഇടവക പ്രതിനിധികളും ബാവയുടെ കൈമുത്തി സമ്മാനങ്ങള്‍ സമര്‍പ്പിച്ചു. റീജണല്‍ കൌണ്‍സില്‍ ട്രഷറര്‍ ജേക്കബ് കോശി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍