സൂറിച്ച് തടാകത്തില്‍ മുങ്ങി മരിച്ച ബോണി തറപ്പേലിനുള്ള ആത്മശാന്തിബലി വെള്ളിയാഴ്ച
Thursday, July 16, 2015 5:11 AM IST
സൂറിച്ച്: സൂറിച്ച് തടാകത്തില്‍ മുങ്ങിമരിച്ച ബോണി തറപ്പേലിനായുള്ള ആത്മശാന്തി ബലി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു സൂറിച്ചില്‍ നടക്കും. സൂറിച്ച് സെന്റ് തെരേസാ ദേവാലയത്തില്‍ നടക്കുന്ന കുര്‍ബാനയില്‍ എല്ലാവരും പങ്കെടുക്കണമെന്നു സീറോ മലബാര്‍ പള്ളി ചാപ്ളയിന്‍ തോമസ് പ്ളാപള്ളില്‍ അറിയിച്ചു. അടുത്തടുത്ത ദിവസങ്ങളില്‍ വ്യത്യസ്ത തടാകങ്ങളില്‍ മുങ്ങി മരിച്ച സമര്‍ഥരായ രണ്ട് മലയാളി വിദ്യാര്‍ത്ഥികളുടെ വേര്‍പാട് മലയാളിസമൂഹത്തില്‍ വേദന ഉളവാക്കിയിരുന്നു.

തറപ്പേല്‍ സാബു- റാണി ദമ്പതികളുടെ മകന്‍ ആണ് ബോണി സെബാസ്റ്യന്‍ (21) ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്തിയതായിരുന്നു. രാജഗിരിയില്‍ എംബിഎ വിദ്യാര്‍ത്ഥിയായ ബോണി ഉന്നത വിദ്യാഭാസ പദ്ധതി പ്രകാരം ജര്‍മനിയില്‍ (എക്സ്ചേഞ്ച്) പഠിക്കുകയായിരുന്നു. വെള്ളിയാഴ്ച ബന്ധുവിനോടൊപ്പം സൂറിച്ച് തടാകത്തില്‍ ഇറങ്ങിയ ബോണിയെ മരണം പുല്‍കുകയായിരുന്നു. നാഗരൂര്‍ തങ്കച്ചന്‍ (ഹേഗന്‍സ്ഡോര്‍ഫ്) ,ജോസ് (ബാസല്‍) ,ബേബിച്ചന്‍ (സൂറിച്ച്), തറപ്പേല്‍ മത്തായിച്ചന്‍ (സൂറിച്ച്) മോനിച്ചന്‍ ദേവസ്യ, മുരിക്കനാനിക്കല്‍ സൈനമ്മ (സൂറിച്ച് ) എന്നിവര്‍ സ്വിറ്റ്സര്‍ലന്‍ഡിലെ അടുത്ത ബന്ധുക്കളാണ്.. മൃതദേഹം കേരളത്തില്‍ എത്തിക്കാനുള്ള തയാറെടുപ്പുകള്‍ നടന്നുവരുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍