ലിംഗവിവേചനത്തിനെതിരെ 9.8 മില്യന്‍ യൂറോയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥ
Tuesday, July 14, 2015 6:04 AM IST
ലണ്ടന്‍: ലണ്ടനിലെ കൊമേഴ്സ്യല്‍ ബാങ്കിന്റെ ഇന്‍വെസ്റ്മെന്റ് മാനേജര്‍ ആയിരുന്ന യുവതി ബാങ്കിനെതിരേ 9.8 മില്യന്‍ യൂറോയുടെ നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു. 2014 ല്‍ മാനേജര്‍ ജോലിയില്‍നിന്നും ഇവരെ പിരിച്ചുവിട്ടിരുന്നു.

2013 ല്‍ ജോലി കഴിഞ്ഞുള്ള ഒരു സായാഹ്നത്തില്‍ സഹപ്രവര്‍ത്തകരോടൊപ്പം ബിയര്‍ കഴിക്കുവാന്‍ ജനുസ് ഫിയൌസി (43) ക്ക് അതിയായ ആഗ്രഹം തോന്നി. എന്നാല്‍ സഹപ്രവര്‍ത്തകരാകട്ടെ അവരെ കൂട്ടാതെ തനിച്ചിരുന്നു ബിയര്‍ കഴിക്കുകയും പ്രത്യേകിച്ച് സ്ത്രീ എന്ന നിലയില്‍ തന്നെ ഒറ്റപ്പെടുത്തി ആണുങ്ങള്‍ എല്ലാം ഒരുമിച്ചു കൂടിയിരുന്നു ബിയര്‍ കഴിച്ചു എന്നാണു പരാതി.

തന്നെയുമല്ല തനിക്കറിയാത്ത ജര്‍മന്‍ ഭാഷയില്‍ പുരുഷന്മാരായ സഹപ്രവര്‍ത്തകര്‍ സംസാരിച്ചതും തനിക്കെതിരേ സ്ത്രീ എന്ന നിലയ്ക്കുള്ള വിവേചനബുദ്ധിയോടെയാണ് തന്റെ സഹപ്രവര്‍ത്തകര്‍ പെരുമാറിയതെന്നും കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

പുരുഷ മേധാവികളുടെ പ്രവര്‍ത്തനം മൂലമാണു തന്നെ ജോലിയില്‍നിന്നു പിരിച്ചുവിട്ടതെന്നും അതിനു നഷ്ടപരിഹാരമായി 9.8 മില്യന്‍ യൂറോ കൊമേഴ്സ്യല്‍ ബാങ്ക് നല്‍കണമെന്നും ആവശ്യപ്പെട്ടാണു മുന്‍ മാനേജര്‍ ലണ്ടനിലെ കോടതിയെ സമീപിച്ചത്.

എന്നാല്‍ ബാങ്ക് പറയുന്നത് മറിച്ചാണ്. ഇറാന്‍ വംശജയായ ജനുസ് ഫിയൌസി ജോലിയില്‍ തന്റെ ടാര്‍ജറ്റ് പൂര്‍ത്തിയാക്കാത്തതുകൊണ്ടാണു ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്നും അല്ലാതെ ലിംഗവിവേചനം ഉണ്ടായിട്ടില്ലെന്നും കൊമേഴ്സ്യല്‍ ബാങ്ക് മേധാവികള്‍ പറയുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍