ഓസ്ട്രിയയില്‍ കൊടുംചൂടില്‍ ആലിപ്പഴ വര്‍ഷം; 10 മില്ല്യന്‍ യൂറോയുടെ നാശനഷ്ടം
Saturday, July 11, 2015 8:59 AM IST
വിയന്ന: കൊടിയ ചൂടില്‍ മുങ്ങിയ ഓസ്ട്രിയയുടെ പലഭാഗങ്ങളിലും പെട്ടെന്നുണ്ടായ ആലിപ്പഴ വര്‍ഷത്തില്‍ വന്‍ നാശനഷ്ടം. വീട്ടുകാര്‍ക്കും കാറുകള്‍ക്കും മറ്റു വസ്തുവകകള്‍ക്കും വന്‍ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. വന്‍ ചൂടില്‍ നിന്ന് പെട്ടെന്ന് ആകാശം ഉരുണ്ടുകൂടുകയും മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടാവുകയുമായിരുന്നു.

അന്തരീക്ഷമര്‍ദ്ദം 38 ല്‍ നിന്നും പെട്ടെന്ന് 20 ഡിഗ്രി താഴേക്കു താണു. ഓസ്ട്രിയയിലെ വില്ലാഹില്‍ ആലിപ്പഴ വര്‍ഷത്തില്‍ വന്‍തോതില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും വന്‍ നാശനഷ്ടമുണ്ടായി. ഒരു കാര്‍ യാത്രക്കാരന്‍ മരത്തിനടിയില്‍ പെട്ടു. വില്ലാഹില്‍ മാത്രം 1200 അഗ്നിശമന സേനാംഗങ്ങള്‍ മണിക്കൂറുകള്‍ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് എല്ലാം നേരെയാക്കിയത്. സ്റയര്‍ മാര്‍ക്കില്‍ വന്‍ ആലിപ്പഴ വര്‍ഷത്തില്‍ 1500 അഗ്നിശമനസേനാംഗങ്ങള്‍ മണിക്കൂറുകള്‍ അധ്വാനിച്ചാണ് ജനജീവിതം സാധാരണമാക്കിയത്. ഇവിടെ മാത്രം ഏകദേശം 1.4 മില്ല്യന്‍ യൂറോയുടെ നാശനഷ്ടം കണക്കാക്കുന്നു.

24 മണിക്കൂറില്‍ 100000 ഇടിമിന്നലുകള്‍ ഉണ്ടായതായി കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഗതാഗതം പുനസ്ഥാപിക്കുവാന്‍ 2700 അഗ്നിശമനസേനാംഗങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍