ലണ്ടന്‍ യാക്കോബായ സുറിയാനി ഇടവകയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ പ്രൌഡ ഗംഭീരമായി
Saturday, July 11, 2015 8:58 AM IST
ലണ്ടന്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവായ വിശുദ്ധ തോമാ ശ്ശീഹായുടെ ഓര്‍മ പെരുന്നാളും ഇടവകയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളും ജൂലൈ നാല്, അഞ്ച് (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിച്ചു.

മലങ്കരയുടെ യാക്കോബ് ബുര്‍ദാന ശ്രേഷ്ഠ കാതോലിക്ക ആബുന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടേ പ്രധാന കാര്‍മികത്ത്വത്തിലും ഇടവകയുടെ പ്രഥമ വികാരിയായിരുന്ന ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ സഹ കാര്‍മികത്വത്തിലും ആയിരുന്നു തിരുനാളാഘോഷം.

ശനി വൈകുന്നേരം പള്ളിയങ്കണത്തില്‍ എത്തിച്ചേര്‍ന്ന തോമസ് പ്രഥമന്‍ ബാവയ്ക്കും മെത്രാപ്പോലീത്തയ്ക്കും ഊഷ്മളമായ വരവേല്‍പ്പു നല്‍കി. ചടങ്ങില്‍ ഇടവകയുടെ പ്രഥമ വികാരിയായിരുന്ന ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രസംഗവും സണ്‍ഡേസ്കൂള്‍ കുട്ടികള്‍ക്കുള്ള സമ്മാനദാനവും സ്നേഹവിരുന്നും നടന്നു.

ജൂലൈ അഞ്ചിനു (ഞായര്‍) രാവിലെ 9.30 നു പ്രഭാത പ്രാര്‍ഥനയും ശ്രേഷ്ഠ കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും അനുഗ്രഹപ്രഭാഷണവും റാസയും നടന്നു.

ഇടവകയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ തോമസ് പ്രഥമന്‍ ബാവയുടെ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ രഞ്ജന്‍ മത്തായി നിലവിളക്കു തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു ഇടവക ഏറ്റെടുത്തു നടത്തുന്ന ചാരിറ്റിയുടെ ഉദ്ഘാടനവും ഇടവകയുടെ സുവനീറിന്റെ പ്രകാശനവും നിര്‍വഹിച്ചു.

ഇടവകയുടെ ആരംഭത്തില്‍ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും തുടര്‍ന്നു പ്രസംഗിച്ച ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പങ്കുവച്ചു. ഇടവക പിരിച്ചെടുത്ത അയ്യായിരം പൌണ്ടിന്റെ ചാരിറ്റി വിതരണം നടന്നു. അതിന്റെ ഭാഗമായി ആയിരം പൌണ്ട് സിറിയന്‍ റഫ്യൂജികളുടെ ആവശ്യത്തിനായി റെഡ് ക്രോസിനും ബാക്കി നാട്ടിലുള്ള ചാരിറ്റികള്‍ക്കും നല്‍കി.

ഇടവക വികാരി രാജു ചെറുവിള്ളി സ്വാഗതം ആശംസിച്ച യോഗത്തില്‍ ഫാ. ഗീവര്‍ഗീസ് തണ്ടായത്ത്, തോമസ് ചാണ്ടി തുടങ്ങിയവര്‍ അനുമോദനം അറിയിച്ചു. തോമസ് മാത്യു നന്ദി അറിയിച്ചു. ഇടവകയുടെ ജൂബിലി പ്രമാണിച്ച് ഇടവകയുടെ പ്രഥമ വികാരിയായിരുന്ന ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായ്ക്കും ഫൌണ്ടര്‍ മെംബേഴ്സായ തോമസ് ചാണ്ടി, കെ.ജെ. ഏലിയാസ്, വര്‍ഗീസ് തരകന്‍, ഡോ. പി.പി. ജോര്‍ജ്, ഐപ്പ്, അന്തരിച്ച ചാക്കോയുടെ കുടുംബത്തിനും വികാരി ഫാ. രാജു സി. ഏബ്രഹാമിനും പ്രത്യേകം മൊമെന്റോ സമ്മാനിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍