ഗ്രീസിനു ഞായറാഴ്ച വരെ സമയപരിധ
Friday, July 10, 2015 8:11 AM IST
ബ്രസല്‍സ്: രക്ഷാ പദ്ധതിക്കുള്ള ഉപാധികള്‍ തയാറാക്കുന്നതിനു ഗ്രീസിന് അനുവദിച്ചിരുന്ന സമയ പരിധി വ്യാഴാഴ്ചയില്‍നിന്നു ഞായറാഴ്ചയിലേക്കു നീട്ടി. ഞായറാഴ്ച യൂറോപ്യന്‍ യൂണിയന്റെ സമ്പൂര്‍ണ യോഗം ചേരുന്നുണ്ട്.

പ്രതിസന്ധിയില്‍ ഉഴറുന്ന ഗ്രീസിന്റെ സമ്പദ്വ്യവസ്ഥയെ രക്ഷിക്കുന്നതിനോ യൂറോ മേഖലയില്‍നിന്ന് ഗ്രീസ് പുറത്തുപോകുന്നതിനോ ഉള്ള തീരുമാനം അന്നുണ്ടാകുമെന്നാണ് കരുതുന്നത്. കരാറിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഗ്രീസ് പാപ്പരാകുന്നതിലേക്കായിരിക്കും കാര്യങ്ങള്‍ എത്തുകയെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്ക് പറഞ്ഞു. പ്രതിസന്ധി അവസാനിപ്പിക്കുന്നതിനു സ്വീകാര്യമായ കരാറിലെത്താന്‍ എല്ലാ ശ്രമങ്ങളും ഗ്രീസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നു പ്രധാനമന്ത്രി അലക്സിസ് സിപ്രസ് പറഞ്ഞു.

സാമ്പത്തിക പരിഷ്കരണം സംബന്ധിച്ച സമഗ്ര പദ്ധതി ചൊവ്വാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ഗ്രീസിനു കഴിയാതിരുന്നതിനത്തുെടര്‍ന്നാണ് അടിയന്തരമായി യോഗംചേര്‍ന്ന യൂറോപ്യന്‍ നേതാക്കള്‍ ഞായറാഴ്ച വരെ സമയം അനുവദിച്ചത്. പരിഷ്കരണ ശ്രമങ്ങള്‍ തന്റെ സര്‍ക്കാര്‍ തുടരുമെന്നു ഗ്രീക്ക് പ്രധാനമന്ത്രി അലക്സിസ് സിപ്രസ് യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് പറഞ്ഞു. വളര്‍ച്ചയ്ക്കായുള്ള അജന്‍ഡയാണു നാം ചര്‍ച്ചചെയ്യേണ്ടത്. യാഥാര്‍ഥ്യത്തെ അതേമട്ടില്‍ കാണാനും പരിഹാരമുണ്ടാക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

വായ്പ ദാതാക്കള്‍ മുന്നോട്ടുവച്ച കര്‍ശന നിബന്ധനകള്‍ അംഗീകരിച്ച് വായ്പ സ്വീകരിക്കേണ്ടതില്ലെന്ന് ഗ്രീക്ക് ജനത ഞായറാഴ്ച വിധിയെഴുതിയിരുന്നു. ഈ വിജയത്തിന്റെ പിന്‍ബലത്തില്‍ ലഭിച്ച കരുത്തോടെയാണു സിപ്രസ് യൂറോപ്യന്‍ പാര്‍ലമെന്റില്‍ സംസാരിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍