അയര്‍ലന്‍ഡില്‍ വിനോദ് പിള്ള ലിന്‍സ്റര്‍ ബാഡ്മിന്റണ്‍ എക്സിക്യൂട്ടീവ് സമിതിയില്‍
Friday, July 10, 2015 8:11 AM IST
ഡബ്ളിന്‍: കേരള ഹൌസ് കോ-ഓര്‍ഡിനേറ്ററും ഡബ്ളിനിലെ ട്രാവല്‍ ഏജന്‍സി ഉടമയുമായ വിനോദ് പിള്ള ബാഡ്മിന്റണ്‍ അയര്‍ലന്‍ഡിന്റെ ലിന്‍സ്റര്‍ പ്രൊവിന്‍സ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

ട്രെന്യൂര്‍ ബാഡ്മിന്റണ്‍ സെന്ററില്‍ നടന്ന ലിന്‍സ്റര്‍ പ്രൊവിന്‍സിന്റെ ജനറല്‍ ബോഡിയോഗമാണ് വിനോദ് പിള്ള അടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

അയര്‍ലന്‍ഡിലെ ലിന്‍സ്റര്‍ പ്രൊവിന്‍സിലുള്ള 12 കൌണ്ടികളിലെ ബാഡ്മിന്റണ്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന ആറംഗ സമിതിയാണിത്.

ഇതാദ്യമായാണ് നോണ്‍ ഐറിഷ് പ്രതിനിധി ബാഡ്മിന്റണ്‍ അയര്‍ലന്‍ഡിന്റെ പ്രൊവിന്‍സ് തലത്തിലുള്ള ഭാരവാഹിത്വത്തില്‍ ചുമതലയേല്‍ക്കുന്നത്.

അയര്‍ ഫ്രണ്ട്സ് ബാഡ്മിന്റണ്‍ ക്ളബ്ബിന്റെ സ്ഥാപകാംഗംകൂടിയായ വിനോദ് പിള്ളയുടെ തെരഞ്ഞെടുപ്പ് ഡബ്ളിന്‍ മേഖലയിലെ മലയാളികളായ ബാഡ്മിന്റണ്‍ കളിക്കാര്‍ പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നത്. പ്രാദേശിക തലത്തില്‍ കൂടുതല്‍ കളിക്കാര്‍ക്കായി സൌകര്യങ്ങള്‍ ക്രമീകരിക്കാനും മത്സരങ്ങള്‍ക്ക് നേതൃത്വം വഹിക്കാനും എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഉത്തരവാദിത്തമുണ്ട്. അയര്‍ലന്‍ഡിലെ മലയാളികള്‍ ഏറ്റവും കൂടുതല്‍ പങ്കെടുക്കുന്ന സ്പോര്‍ട്സ് ഇനമായി ബാഡ്മിന്റണ്‍ മാറിക്കഴിഞ്ഞിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍