വായ്പ നല്‍കിയവരുടേത് ഭീകരപ്രവര്‍ത്തനം: ഗ്രീക്ക് മുന്‍ധനമന്ത്രി
Wednesday, July 8, 2015 8:08 AM IST
ഏഥന്‍സ്: ഗ്രീക്ക് പ്രതിസന്ധിക്കു പിന്നാലെ രാജിവച്ച ധനമന്ത്രി യാനിസ് വരോഫാകിസ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെ ശക്തിയായി വിമര്‍ശിച്ചു. സ്വന്തം ബ്ളോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി അലക്സി സിപ്രസിനെ സഹായിക്കുന്നതിനുവേണ്ടിയാണ് തന്റെ രാജിയെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കടുത്ത വിമര്‍ശനവുമായി അദ്ദേഹം രംഗത്തുവന്നത്. യൂറോസോണിലെ ചിലരുടെ താത്പര്യം മാനിച്ചാണ് മാറി നില്‍ക്കുന്നതെന്നും ഇത് ഗ്രീസ് - യൂറോസോണ്‍ ചര്‍ച്ചകളെ സഹായിക്കുമെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഹിതപരിശോധനയില്‍ സര്‍ക്കാരിനു അനുകൂലമായി ജനങ്ങള്‍ വോട്ടു ചെയ്തതിനു പിന്നാലെയാണ് രാജി. ഹിതപരിശോധനയില്‍ സര്‍ക്കാരിനെതിരായി ജനങ്ങള്‍ വോട്ടു ചെയ്താല്‍ രാജി വയ്ക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗ്രീസിനു വായ്പ നല്‍കിയ ഏജന്‍സികള്‍ ഗ്രീസിനോടു ചെയ്യുന്നത് ഭീകര പ്രവര്‍ത്തനമെന്ന് വരോഫാകിസ്. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് പരമാര്‍ശം. ഹിത പരിശോധനയ്ക്കു മുമ്പ് തയാറാക്കിയതാണ് ഈ അഭിമുഖം.

ഗ്രീക്ക് ഹിതപരിശോധനയില്‍ 'യെസ്' വോട്ട് വീഴണമെന്ന് ബ്രസല്‍സും ട്രോയ്കയും ആഗ്രഹിക്കാന്‍ കാരണമെന്താണ്? ഗ്രീക്കുകാരെ തുടര്‍ന്നും അപമാനിക്കാനുള്ള ആഗ്രഹമാണ് അതിനു പിന്നില്‍. ബാങ്കുകള്‍ അടച്ചിടാന്‍ അവര്‍ ഞങ്ങളെ നിര്‍ബന്ധിക്കുന്നത് എന്തിനാണ്? ആളുകളുടെ മനസില്‍ ഭീതി വിതയ്ക്കാനാണത്. ഭീത പരത്തുന്നതിനെയാണ് ഭീകരവാദമെന്നു പറയുന്നത്- വരോഫാകിസ് വിശദീകരിക്കുന്നു.

ഐഎംഎഫ്, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയ്ക്കെതിരേയാണ് വരോഫാകിസിന്റെ വാക്കുകള്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍