ബെല്‍ഫാസ്റില്‍ ദുക്റാന തിരുനാള്‍ ഭക്തിനിര്‍ഭരമായി
Tuesday, July 7, 2015 6:52 AM IST
ലണ്ടന്‍: ഭാരതമക്കള്‍ക്കു സുവിശേഷ വെളിച്ചം പകര്‍ന്ന മാര്‍ തോമാശ്ളീഹായുടെ ഓര്‍മത്തിരുനാള്‍ നോര്‍ത്തേന്‍ അയര്‍ലന്‍ഡിലെ പ്രവാസി മലയാളികള്‍ കൊണ്ടാടി.

ബെല്‍ഫാസ്റ് സെന്റ് പോള്‍സ് ദേവാലയത്തില്‍ ജൂലൈ അഞ്ചിനു (ഞായര്‍) വൈകുന്നേരം അഞ്ചിനു നടന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്കു ഫാ. പോള്‍ മൊരെലി മുഖ്യ കാര്‍മികത്വം വഹിച്ചു. തിരുനാള്‍ സന്ദേശം നല്‍കിയ മോണ്‍. ആന്റണി പെരുമായന്‍ യേശു പ്രത്യക്ഷപ്പെട്ടപ്പോള്‍ സ്ഥലത്തില്ലാതെപോയ അപ്പോസ്തോലനായ തോമസിനു ക്രിസ്തുദര്‍ശനം അസാധ്യമായെങ്കില്‍ കൂട്ടായ്മയില്‍നിന്നും ദിവ്യബലിയില്‍നിന്നുമുള്ള ബോധപൂര്‍വമായ ഒഴിഞ്ഞുമാറലും അസാന്നിധ്യവും വിശ്വാസികളില്‍ ക്രിസ്താനുഭവത്തിനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്നു വചന സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

തുടര്‍ന്നു നടന്ന പ്രദക്ഷിണത്തിനു ഫാ. ടോണി ടെവ്ലിന്‍ കാര്‍മികത്വം വഹിച്ചു. പാച്ചോര്‍ നേര്‍ച്ചയില്‍ പങ്കുചേര്‍ന്ന് സഭാ മക്കള്‍ തോമാശ്ളീഹായുടെ ഓര്‍മ പുതുക്കി സഭാദിനം ആഘോഷിച്ചു.

കമ്മിറ്റി അംഗങ്ങളുടെയും കൈക്കാരന്മാരുടെയും നേതൃത്വവും ജനങ്ങളുടെ സഹകരണവും തിരുനാളിന് ഊര്‍ജം പകര്‍ന്നു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍