മാര്‍പാപ്പ ലാറ്റിനമേരിക്കന്‍ പര്യടനം തുടങ്ങി; ആദ്യ സന്ദര്‍ശനം ഇക്വഡോറില്‍
Monday, July 6, 2015 8:21 AM IST
വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലാറ്റിനമേരിക്കന്‍ പര്യടനത്തിനു തുടക്കമായി ഏഴു രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പര്യടന പരിപാടിയില്‍ ആദ്യ സന്ദര്‍ശനം ഇക്വഡോറില്‍. 2013ല്‍ മാര്‍പാപ്പയായശേഷം രണ്ടാം വട്ടമാണ് അദ്ദേഹം ഈ മേഖല സന്ദര്‍ശിക്കുന്നത്.

പുരോഗതിയും വികസനവും എല്ലാവര്‍ക്കും നല്ല ഭാവി ഉറപ്പാക്കുന്നതായിരിക്കണമെന്ന് ഇക്വഡോറിലെ ക്വിറ്റോ വിമാനത്താവളത്തില്‍ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

ദാരിദ്യ്രം, അസമത്വം എന്നീ വിഷയങ്ങളിലൂന്നിയായിരിക്കും പര്യടനത്തിലുടനീളം മാര്‍പാപ്പയുടെ പ്രഭാഷണങ്ങളെന്ന് വത്തിക്കാന്‍ അറിയിച്ചു. ബൊളീവിയ, പരാഗ്വെ തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന മാര്‍പാപ്പ, തന്റെ ജന്മരാജ്യമായ അര്‍ജന്റീനയില്‍ ഇപ്പോള്‍ പോകുന്നില്ല. അര്‍ജന്റീനയെന്നല്ല, മേഖലയിലെ വലിയ രാജ്യങ്ങളെ ഒന്നിനെയും പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ താത്പര്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതാണ് കാരണമെന്നും വത്തിക്കാന്‍ അറിയിച്ചു.

ഇടതുപക്ഷക്കാരനായ പ്രസിഡന്റ് റാഫേല്‍ കൊറയയാണ് ക്വിറ്റോ വിമാനത്താവളത്തില്‍ മാര്‍പാപ്പയെ സ്വീകരിച്ചത്. ഇടതു നേതാവാണെങ്കിലും കടുത്ത കത്തോലിക്കാ വിശ്വാസികൂടിയാണ് കൊറയ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍