ഫോബ്മ ഡബ്ള്യുഎംസിഎ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: ലെനിന്‍-അനി സഖ്യത്തിനു വിജയം
Monday, June 29, 2015 7:18 AM IST
വോക്കിംഗ്: ഫോബ്മ ഡബ്ള്യുഎംസിഎ ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മുതിര്‍ന്നവരുടെ ഡബിള്‍സില്‍ ലെനിന്‍-അനി സഖ്യത്തിനു വിജയം. ജോസഫ്-സുരേഷ് സഖ്യത്തെയാണ് ഇവര്‍ തോല്‍പ്പിച്ചത്.

യുകെയില്‍ ആദ്യമായി നടന്ന അണ്ടര്‍ 18 സിംഗിള്‍സ് ടൂര്‍ണമെന്റില്‍ അണ്ടര്‍ 13 ഇംഗ്ളണ്ട് നാഷണല്‍ ടീമില്‍ അംഗവും രാജ്യത്തെ കളിക്കാരില്‍ മൂന്നാം റാങ്കുകാരനുമായ സിദ്ധാര്‍ഥ് പാലക്കല്‍ ചാമ്പ്യനായി. അബിന്‍ മാത്യുവിനാണു രണ്ടാം സ്ഥാനം.

കോഴിക്കോട് യൂണിവേഴ്സിറ്റി ബാഡ്മിന്റണ്‍ ക്യാപ്റ്റന്‍, ഓള്‍ ഇന്ത്യ നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പില്‍ ടോപ് 8 സ്ഥാനവും ഇദ്ദേശം നേടി. ഗോവ, സൂററ്റ്, ചെന്നൈ. എന്നിവിടങ്ങളില്‍ നടന്ന നാഷണല്‍ ചാമ്പ്യന്‍ ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ക്വാര്‍ട്ടര്‍ ഫൈനലിസ്റ് ആകുകയും ചെയ്തു. ഹോന്സ്ളോ ടീമിനു വേണ്ടി കളിക്കുന്ന ലെനിന്‍ ഇംഗ്ളണ്ട് താരം രാജീവ് ഔസേഫ് കളിക്കുന്ന ക്ളബ്ബിലാണു പരിശീലനം നടത്തുന്നത്. പാലക്കാട് സ്വദേശി അനി പാലക്കല്‍ ആണു ലെനിന്റെ ടൂര്‍ണമെന്റിലെ പങ്കാളി. മാഞ്ചസ്ററില്‍ വിപ്രോയില്‍ പ്രോഗ്രാം മാനേജര്‍ ആയി ജോലി ചെയ്യുന്ന അനിക്ക് ഫോബ്മ ടൂര്‍ണമെന്റ് ഇരട്ടി മധുരം നല്‍കിയ ഒന്നാണ്. കാരണം യുകെയില്‍ ആദ്യമായി അണ്ടര്‍ 18 യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി നടത്തിയ പ്രഫഷണല്‍ ടൂര്‍ണമെന്റില്‍ സിംഗിള്‍സ് ട്രോഫി കരസ്ഥമാക്കിയത് അനിയുടെ ഏകമകന്‍ പന്ത്രണ്ടുകാരനായ സിദ്ധാര്‍ഥ് ആണ്. ഏഴാം ക്ളാസില്‍ പഠിക്കുന്ന സിദ്ധാര്‍ഥ് അണ്ടര്‍ 13 ഇംഗ്ളണ്ട് ടീം അംഗവും യുകെയില്‍ റാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരനുമാണ്.

രാവിലെ ഒമ്പതിനു നടന്ന ടൂര്‍ണമെന്റ് ഡബ്ള്യുഎംസിഎ പ്രസിഡന്റ് ജോയ് പൌലോസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നാലു കോര്‍ട്ടുകളിലായി ഇടതടവില്ലാതെ മത്സരങ്ങള്‍ അരങ്ങേറി. ലിയോ പോള്‍, സുനോജ് തുടങ്ങിയ ഫിസിയോ തെറപ്പിസ്റുകളുടെ നേതൃത്വത്തില്‍ ഫസ്റ് എയ്ഡ് സംഘവും വേദിയില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ ഡിലൈറ്റ് കേറ്ററിംഗിന്റെ പാലപ്പം, മുട്ടക്കറി, ചൂട് ദോശ, ചമ്മന്തി, കപ്പ, ഇറച്ചി, ചിക്കന്‍ ബിരിയാണി, മട്ടന്‍ ബിരിയാണി തുടങ്ങിയവ മിതമായ വിലയില്‍ വിതരണം ചെയ്തത് കളിക്കാര്‍ക്കും കുടുംബവുമായി വരുന്നവര്‍ക്കും അനുഗ്രഹമായി.

ടൂര്‍ണമെന്റ് കണ്‍വീനര്‍ ലോറന്‍സ് സേവ്യറിന്റെ നേതൃത്വത്തില്‍ ഫോബ്മ വൈസ് പ്രസിഡന്റ് സോണി ജോര്‍ജ്, ജോയ് പൌലോസ്, സെക്രട്ടറി ലിയോ മാത്യു , സാജു ജോസഫ്, സുനോജ്, ബോബി, ഡിജു സെബാസ്റ്യന്‍, ടൂര്‍ണമെന്റിനു ആതിഥ്യം ഒരുക്കിയ വോക്കിംഗ് മലയാളി കള്‍ച്ചറല്‍ അസോസിയേഷനും ഫോബ്മ കായിക വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ജോഷി വര്‍ഗീസ്, ഫോബ്മ പ്രസിഡന്റ് ഉമ്മന്‍ ഐസക് എന്നിവര്‍ പ്രത്യേകം നന്ദി അറിയിക്കുകയും വരും വര്‍ഷങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കൂടി ടൂര്‍ണമെന്റില്‍ പ്രാതിനിധ്യം ലഭിക്കുമെന്നും അറിയിച്ചു.

റിപ്പോര്‍ട്ട്: അജിമോന്‍ ഇടക്കര