മാഞ്ചസ്റര്‍ തിരുനാളിനു തുടക്കം കുറിച്ച് മാര്‍ മാത്യു മൂലക്കാട്ട് പതാക ഉയര്‍ത്തി; ലേലം വിളി ആവേശമായി
Monday, June 29, 2015 7:16 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ ദുക്റാന തിരുനാളിനു ഭക്തിനിര്‍ഭരമായ തുടക്കം. പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് ഭക്തിസാന്ദ്രമായ നിമിഷത്തില്‍ കോട്ടയം അതിരൂപതയുടെ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പതാക ഉയര്‍ത്തിയതോടെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കമായി.

വൈകുന്നേരം അഞ്ചു മുതല്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിക്കൊപ്പം പ്രസുദേന്തിമാരും പ്രദക്ഷിണമായി അല്‍ത്താരയിലേക്ക് എത്തിയതോടെ ദിവ്യബലിക്കു തുടക്കമായി. 74 പ്രസുദേന്തിമാരാണ് ഇക്കുറി അണിനിരന്നത്.

തിരുനാള്‍ ദിനങ്ങള്‍ വിശ്വാസത്തിന്റെ വലിയ സാക്ഷ്യം ആയിത്തീരണമെന്നും തോമാശ്ളീഹാ പകര്‍ന്നു നല്‍കിയ വിശ്വാസ വെളിച്ചം പ്രാകാശിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും എല്ലാവരും ശ്രമിക്കണമെന്നും ദിവ്യബലിയെത്തുടര്‍ന്നു നല്‍കിയ സന്ദേശത്തില്‍ മാര്‍ മാത്യു മൂലക്കാട്ട് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. വിശ്വാസപൈതൃകം നമ്മുടെ കുഞ്ഞുങ്ങള്‍ക്കു പകര്‍ന്നു നല്‍കി കുടുംബങ്ങളെ വിശ്വാസത്താല്‍ പൂരിതമാക്കണമെന്നും മാര്‍ മൂലക്കാട്ട് കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്നു പുതുതായി പള്ളിക്കു ലഭിച്ച പൊന്‍വെള്ളി കുരിശുകളുടെ വെഞ്ചരിപ്പും മാര്‍ മൂലക്കാട്ട് നിര്‍വഹിച്ചു. തുടര്‍ന്നു മുത്തുക്കുടകളുടെ അകമ്പടിയോടെ വിശ്വാസസമൂഹം കൊടിമരചുവട്ടിലേക്കു പ്രദക്ഷിണമായെത്തി നൂറുകണക്കിനു വിശ്വാസികളെ സാക്ഷിനിര്‍ത്തി ദശാബ്ദി വര്‍ഷത്തെ ദുക്റാന തിരുനാളിനു തുടക്കം കുറിച്ച് മാര്‍ മാത്യു മൂലക്കാട്ട് പതാക ഉയര്‍ത്തി. ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി, ഫാ. സജി മലയില്‍ പുത്തന്‍പുര തുടങ്ങിയവര്‍ സഹകാര്‍മികരായി.

തുടര്‍ന്നു നടന്ന ഉത്പന്ന ലേലം വീറും വാശിയും നിറഞ്ഞതായിരുന്നു. മത്തങ്ങ, കുമ്പളങ്ങ, ചീര, പച്ചമുളക്, കത്തിരിക്ക, തുടങ്ങി പച്ചക്കറികളും പച്ചക്കറി തൈകളും, ഏത്തപ്പഴം, തണ്ണിമത്തന്‍, ആപ്പിള്‍ തുടങ്ങി പഴവര്‍ഗങ്ങളും ഉണ്ണിയപ്പം, നെയ്യപ്പം, തുടങ്ങിയ ഹോം മെയ്ഡ് ഭക്ഷണ സാധനങ്ങളും ലേലം വിളിയില്‍ അണിനിരന്നു. ജനറല്‍ കണ്‍വീനര്‍ ബിജു ആന്റണി ലേലം വിളിക്കു നേതൃത്വം നല്‍കി. വീറും വാശിയും നിറഞ്ഞ ലേലം വിളി പുതുതലമുറയ്ക്കു മഹത്തായ അനുഭവമായി.

തിങ്കള്‍ വൈകുന്നേരം അഞ്ചിനു നടക്കുന്ന കുര്‍ബാന, ലദീഞ്ഞ്, മധ്യസ്ഥ പ്രാര്‍ത്ഥ എന്നിവയ്ക്കു ഫാ. ഫിലിപ്പ് കുഴപ്പറമ്പില്‍ സിഎംഐ നേതൃത്വം നല്‍കും. ചൊവ്വാഴ്ച നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്കു ഫാ. റോബിന്‍സണ്‍ മെല്‍ക്കിസും ബുധനാഴ്ച ഫാ. തോമസ് തൈക്കൂട്ടത്തില്‍, വ്യാഴാഴ്ച ഫാ. തോമസ് മടുക്കമൂട്ടിലും ശനിയാഴ്ച ഫാ. സജി മലയില്‍ പുത്തന്‍പുരയും കാര്‍മികരാകും. ദിവസവും വൈകുന്നേരം അഞ്ചിനു സെന്റ് ആന്റണീസ് ദേവാലയത്തിലാണു തിരുക്കര്‍മങ്ങള്‍.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ നാലിനു (ശനി) രാവിലെ 10ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ഷ്രൂസ്ബറി ബിഷപ് മാര്‍ക്ക് ഡേവിഡ് തുടങ്ങിയവര്‍ തിരുനാള്‍ കുര്‍ബാനയില്‍ കാര്‍മികരാകും. തുടര്‍ന്നു തിരുനാള്‍ പ്രദക്ഷിണവും സ്കൂള്‍ ഗ്രൌണ്ടിലെ ഓപ്പണ്‍ സ്റേജില്‍ പ്രശസ്ത ഗായകന്‍ കെ.ജി. മാര്‍ക്കോസിന്റെ ഗാനമേളയും അരങ്ങേറും.

കുടുംബസമേതം തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ ധാരാളമായി പ്രാപിക്കുവാന്‍ ഏവരെയും ഇടവക വികാരിയും ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ളയിനുമായ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: ട. അിീി്യ ഇവൌൃരവ, ജീൃംമ്യ, ങമിരവലലൃെേ, ങ220ണഞ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍