മാഞ്ചസ്റര്‍ തിരുനാളിനു ജൂണ്‍ 28നു കൊടിയേറും
Saturday, June 27, 2015 8:20 AM IST
മാഞ്ചസ്റര്‍: ഇംഗ്ളണ്ടിലെ മലയാറ്റൂര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാഞ്ചസ്റര്‍ തിരുനാളിനു ജൂണ്‍ 28നു കൊടിയേറ്റോടെ തുടക്കം കുറിക്കും. വൈകുന്നേരം വിഥിന്‍ഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് കൊടിയേറ്റവും മറ്റു ശുശ്രൂഷകളും നടക്കുക.

വൈകുന്നേരം അഞ്ചിന് ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി പതാക ഉയര്‍ത്തുന്നതോടെ ഒരാഴ്ച നീളുന്ന തിരുനാളിനു തുടക്കം കുറിക്കും. തുടര്‍ന്നു പ്രസുദേന്തി വാഴ്ച, മധ്യസ്ഥ പ്രാര്‍ഥന, ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി എന്നിവ നടക്കും.

വിശുദ്ധ തോമാശ്ളീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാളിനാണ് കൊടിയേറുക.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ നാലു വരെ എല്ലാ ദിവസങ്ങളിലും വൈകുന്നേരം അഞ്ചിനു വിവിധ കേരളീയ റീത്തിലുള്ള വൈദികരുടെ നേതൃത്വത്തില്‍ ദിവ്യബലിയും ലദീഞ്ഞും മധ്യസ്ഥ പ്രാര്‍ഥനയും നടക്കും.

ഈ വര്‍ഷത്തെ തിരുനാളിനു ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യഥിതിയായിരിക്കും.

തിരുനാളിനോടനുബന്ധിച്ച് ആദ്യമായി ലേലം സംഘടിപ്പിച്ചിട്ടുണ്ട്. ലേലത്തില്‍ വയ്ക്കാനുള്ള സാധനങ്ങളും സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ കൊടിയേറ്റിനു പള്ളിയില്‍ വരുമ്പോള്‍ കൊണ്ടുവരേണ്ടതാണ്.

തിരുനാളിനുവേണ്ടി പ്രാര്‍ഥന നിര്‍ഭരമായി ഒരുങ്ങുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരേയും ഇടവക വികാരി റവ. ഫാ. ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്തു.