ഫ്രാന്‍സിലെ ഒരു കടയില്‍ ചില ദിവസങ്ങളില്‍ സ്ത്രീകള്‍ക്കു പ്രവേശനമില്ല
Friday, June 26, 2015 7:58 AM IST
പാരിസ്: ഫ്രാന്‍സിലെ ഒരു പലചരക്ക് കച്ചവടക്കാരന്‍ തന്റെ കടയില്‍ സ്ത്രീകള്‍ക്ക് ചില ദിവസങ്ങളില്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നു. ഫ്രാന്‍സിലെ ബോഡോ എന്ന സ്ഥലത്തെ ഒരു പലചരക്ക് കച്ചവടക്കാരനാണ് ഇങ്ങനെ ഒരു തീരുനമാനമെടുത്തത്. ഇയാള്‍ അടുത്തയിടെ ഇസ്ലാം മതത്തിലേക്കു പരിവര്‍ത്തനം ചെയ്യപ്പെട്ട ആളാണ്.

സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചുവെന്നു പറയുന്നത് പൂര്‍ണമായും ശരിയല്ല. ആഴ്ചയില്‍ നാലു ദിവസം തന്റെ കടയില്‍ സ്ത്രീകള്‍ കയറാന്‍ ഇയാള്‍ അനുവദിക്കുകയില്ല. വാരാന്ത്യങ്ങളില്‍ മാത്രമേ സ്ത്രീകള്‍ക്ക് ഈ കടയില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ. ഈ ദിവസങ്ങളില്‍ പുരുഷന്മാര്‍ക്ക് പ്രവേശനമില്ല. ഇയാളുടെ കടയില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചുണ്ടാകരുത് എന്നതാണ് ഇയാളുടെ നിയമം.

എന്തായാലും ഇത് ഫ്രാന്‍സില്‍ വന്‍ വിവാദമായിക്കഴിഞ്ഞു. ഫ്രാന്‍സില്‍ ഇസ്ലാമിക് നിയമങ്ങള്‍ നടപ്പാക്കാനുള്ള നീക്കമാണെന്ന് ഒരു വിഭാഗം ആരോപണം നടത്തുന്നു. ഇത്തരത്തിലുള്ള വിവേചനപരമായ നപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നു ബോഡോ മേയര്‍ കടക്കാരനോടു രേഖാമൂലം ആവശ്യപ്പെട്ടു. ഇതു യൂറോപ്പിലെ ആദ്യ സംഭവമാണ്. മുളയിലെ ഈ പ്രവണത നുള്ളിക്കളഞ്ഞില്ലെങ്കില്‍ മറ്റു രാജ്യങ്ങളിലും സമാനരീതിയിലുള്ള കാര്യങ്ങള്‍ ഉണ്ടാകുമെന്ന് യൂറോപ്പിലെ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍